ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി.പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥയിലായതിനാലാണ് . ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ രാത്രി ഒന്നരയോടെയാണ് ആൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്കു സമാനമായ സംവിധാനങ്ങൾ ഒരുക്കി, വീട്ടിലായിരുന്നു ഇതുവരെ ചികിൽസ. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ അറിയിച്ചിരുന്നെങ്കിലും അർധരാത്രിയോടെ വീണ്ടും വഷളാകുകയായിരുന്നു. മക്കളായ സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. കാവേരി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമായിരുന്നു ഗോപാലപുരത്തെ വീട്ടിലും അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ചികിൽസയ്ക്ക് ആവശ്യമായ എന്തു സഹായവും ചെയ്യാമെന്നു മോദി അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കൾ, സിനിമാ പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ കരുണാനിധിയുടെ വീട്ടിലെത്തി.
ആരോഗ്യനിലയേക്കുറിച്ച് മെഡിക്കൽ ബുള്ളറ്റിനുകൾ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല. കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാകാൻ കാരണമായത്. ചികിത്സയ്ക്കായി നേരത്തെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടിലേക്ക് മടക്കിയിരുന്നു. ആശുപത്രിയിൽ ലഭിക്കുന്ന അതേ ചികിത്സയാണ് അദ്ദേഹത്തിന് വീട്ടിലും ലഭ്യമാക്കിയത്. കരുണാനിധിയുടെ ആരോഗ്യത്തിൽ ആശങ്കയിലായ ഡിഎംകെ പ്രവർത്തകർ വീടിനു മുന്നിൽ തടിച്ചുകൂടി നിൽക്കുകയാണ്. അതിനിടെ ചെന്നൈയിൽ തമിഴ്നാട് പോലീസിന്‍റെ ഉന്നതതലയോഗം ചേർന്നിരുന്നു. നേരത്തെ, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം മന്ത്രിമാരായ ഡി. വിജയകുമാർ, പി. തങ്കമണി, എസ്.പി വേലുമണി, നടനും മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ എന്നിവർ കരുണാനിധിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.