തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിയ പ്രതിഷേധം തള്ളി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളം നേരത്ത നിശ്ചയിച്ച 81,800 രൂപ തന്നെയാണ്. ഗ്രേഡ് പേ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥർക്ക് ഗ്രേഡ് പേ, എച്ച്ആർഎ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ഗ്രേഡ് പേ അന്തിമ ഉത്തരവിൽ ഒഴിവാക്കി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്‌പെഷ്യൽ പേ നൽകണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. എന്നാൽ ഇതു കണക്കിലെടുക്കാതെ സർക്കാർ കെഎഎസ് ശമ്പളം നിശ്ചയിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.