പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സന്ദര്‍ശനം നടത്താന്‍ പ്രായോഗികമായ ചില വൈഷമ്യങ്ങളുണ്ടെന്നും.
എല്ലാ സ്ത്രീകളുടെയും വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടാനാകില്ലെന്നും അവര്‍ അറിയിച്ചു. പ്രതിസന്ധികളുണ്ടാവുമ്പോള്‍ തങ്ങളുടെ കരുത്തുപയോഗിച്ച് സ്ത്രീകള്‍ അതിനെ നേരിടണം. പോലീസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനു കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തം നിലയില്‍ നേരിടുന്നുണ്ട്. എഴുത്തുകാരി കെ.ആര്‍. മീരയ്ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
മീരയ്ക്കു നേരേ അക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. സബ് കലക്ടറെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ ഉന്നതരായവര്‍ പോലും പരസ്യമായി സ്ത്രീകളെ അധിക്ഷേപിക്കുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം അതിക്രമം ഏറിയിട്ടുണ്ട്. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം ഭീകരമാണെന്നും താന്‍ അതിന്റെ ഇരകളില്‍ ഒരാളാണെന്നും ജോസഫൈന്‍ പറഞ്ഞു.