
പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലനടന്ന കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. ഇരട്ടക്കൊലപാതകം കൂടാതെ വേറെ കേസുകളിലും പീതാംബരന്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് എ പീതാംബരന്‍. അതേസമയം, കൃപേഷിനെ വെട്ടിയത് താന്‍ തന്നെയെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. ഇരുമ്പ് വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ, കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, കേസില്‍ പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മറ്റാര്‍ക്കോ വേണ്ടി അത് ഏറ്റെടുക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഭാര്യ മഞ്ജു രംഗത്തെത്തി. പീതാംബരന്റെ കൈ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും അങ്ങനെയുള്ളയാള്‍ക്ക് കൊലപാതകത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പീതാബരന്റെ മാതാവും പറയുന്നു. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് പീതാംബരന്റെ കൈ ഒടിഞ്ഞതെന്നാണ് മാതാവ് ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും ആ സമയം തങ്ങളെ സഹായിക്കാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നു. നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍!ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.