കരഞ്ഞ് തീര്‍ക്കു… അല്ലാതെ വേറെ വഴിയില്ല….എന്റെ ഭര്‍ത്താവിനെയും അവര്‍ കൊത്തിനുറുക്കുകയാണ് ചെയ്തത്’. ഇത്രയും പറഞ്ഞു കൊണ്ട് രമയും പൊട്ടിക്കരഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മയുടെ നിലവിളിക്കൊപ്പം കെ കെ രമയും പൊട്ടിക്കരഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും പെരിയയിലെ യുവാക്കളുടെ കൊലയും മനുഷ്യ മനസാക്ഷിക്ക് മുമ്ബില്‍ ചോദ്യമായി അപ്പോള്‍ വീണ്ടും ഉയര്‍ന്നു. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും വീട്ടില്‍ ആര്‍ എംപി നേതാവായ രമയെത്തിയപ്പോള്‍ ആരുടേയും നെഞ്ച് പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് അവിടെ സംഭവിച്ചത്. വീടുകളിലുണ്ടായിരുന്ന മുഴുവന്‍ പേരുടേയും കണ്ണ് നനയിപ്പിച്ച നിമിഷങ്ങള്‍. രമ എത്തുമ്പോള്‍ കട്ടിലില്‍ ക്ഷീണിതയായി കിടക്കുകയായിരുന്നു ശരത്‌ലാലിന്റെ അമ്മ ലത. ‘കെ.കെ.രമ വന്നിരിക്കുന്നു. അറിയില്ലേ, ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ..’
കട്ടിലിലിരുന്ന രമയുടെ കൈ ആ അമ്മ മുറുക്കിപ്പിടിച്ചു. എന്നിട്ട് ചെരിഞ്ഞുകിടന്നു വിതുമ്പി. ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ രമയും. ലതയുടെ വിതുമ്പല്‍ പൊട്ടിക്കരച്ചിലായി. ലതയുടെ കണ്ണീര്‍ തുടച്ചുകൊടുത്തുകൊണ്ട് രമ ആശ്വാസ വാക്കുകള്‍ പറഞ്ഞു. എന്നാല്‍ അത് ചെന്നുനിന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതകളിലേക്കാണ്. തന്റെ ഭര്‍ത്താവിന്റെ കൊലപാതകവും രമയ്ക്ക് പറയേണ്ടി വന്നു. ഇതോടെ കൂട്ട നിലവിളിയിലേക്ക് കാര്യങ്ങളെത്തി. മുറിക്കകത്തുണ്ടായിരുന്നവരെല്ലാം തേങ്ങുകയും വിതുമ്പുകയും ചെയ്യുന്ന വൈകാരിക നിമിഷം.
ലതയുടെ തലയില്‍ തലോടിക്കൊണ്ട് ഒന്നോ രണ്ടോ ആശ്വാസവാക്കുകള്‍ പറഞ്ഞു. കൃപേഷിന്റെ അമ്മ ബാലാമണിയെ രമ കണ്ടപ്പോഴും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. ഓലക്കുടിലിലെ കട്ടിലില്‍ ഇരിക്കുകയായിരുന്നു ബാലാമണി. കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.കെ.ബാബുരാജാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് ഇവരെന്ന് ബാലാമണിയോട് പറഞ്ഞത്. രമ കട്ടിലിലിരുന്നപ്പോള്‍ ബാലാമണി കൈചേര്‍ത്തുപിടിച്ചു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. തോര്‍ത്തില്‍ മുഖം പൊത്തിക്കരഞ്ഞ ബാലാമണിയുടെ തലയില്‍ ഏറെസമയം തലോടി. ആശ്വസിപ്പിക്കാന്‍ രമയ്ക്കും വാക്കുകളില്ലായിരുന്നു.
വീട്ടിലെ പോരായ്മയും ബുദ്ധിമുട്ടുകളുമെല്ലാം നിശബ്ദതയാണ് അവിടെ സമ്മാനിച്ചത്. അതിനിടെ തന്റെ ഭര്‍ത്താവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനുമുമ്ബ് കൊലവിളിപ്രസംഗം നടത്തിയിരുന്നുവെന്നും അതിന് സമാനമായാണ് കല്യോട്ടും ഒരു ജില്ലാനേതാവ് കൊലവിളിപ്രസംഗം നടത്തിയതെന്നും കെ.കെ.രമ പറഞ്ഞു. ചന്ദ്രശേഖരന്റെ തല തെങ്ങിന്‍പൂക്കുലപോലെ ചിതറുമെന്നായിരുന്നു അന്ന് ഒരു പ്രാദേശികനേതാവ് പ്രസംഗിച്ചത്. ഇവിടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് ഇതേരീതിയില്‍ കൊലവിളിപ്രസംഗം നടത്തി.
തങ്ങളിതാ ജീവനെടുക്കാന്‍ തയ്യാറെടുത്തിരിക്കുന്നുവെന്ന ധ്വനി നാടിനുനല്‍കുകയാണ് സിപിഎം. നേതാക്കള്‍ ചെയ്യുന്നത്-രമ ആരോപിച്ചു. ഒരാള്‍മാത്രം പ്ലാന്‍ചെയ്താല്‍ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥപ്രതികള്‍ ശിക്ഷിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അന്വേഷണം സിബിഐ.ക്ക് വിടണം രമ പറഞ്ഞു. മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സിപിഐഎം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.