ദില്ലി: ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? എത്ര വലിയ താരങ്ങളായാലും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ തന്നെ. ഇല്ലെങ്കില്‍ കത്രീന കൈഫിനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും സംഭവിച്ചതുപോലിരിക്കും. എയര്‍ ഇന്ത്യയില്‍ നിന്നും ഇരുവരെയും ഇറക്കിവിടുകയാണുണ്ടായത്.
സമയത്ത് വിമാനത്തില്‍ കയറാന്‍ എത്താതിരിക്കുകയും എത്തിയിട്ടും വിമാനത്താവളത്തില്‍ സിനിമയുടെ പ്രൊമോഷനായി ആരാധകരോടു സംസാരിച്ചിരിക്കുകയും ചെയ്തതിനാണ് എയര്‍ ഇന്ത്യ സിദ്ധാര്‍ത്ഥിനെയും കത്രീനയെയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. ദില്ലി വിമാനത്താവളത്തില്‍ മുംബൈയിലേക്ക് പോകാനായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 317 വിമാനമാണ് വൈകിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇതുസംബന്ധിച്ച് എയര്‍ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. രാത്രിയോടെ തന്നെ താരങ്ങള്‍ രണ്ടു പേരും വിമാനത്തില്‍ കയറാനായി എത്തി ബോര്‍ഡിംഗ് പാസും കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്ക് നില്‍ക്കുന്നതിനു മുന്നോടിയായി താരങ്ങള്‍ രണ്ടു പേരും ആരാധകരോടു സംസാരിക്കാനാണ് സമയം കിട്ടിയത്. 9.40നു യാത്ര പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുമൂലം വൈകുകയും ചെയ്തു.
തങ്ങളുടെ പുതിയ ചിത്രമായ ബാര്‍ ബാര്‍ ദേഖോ വിജയിപ്പിക്കണമെന്നു പറയുകയിരുന്നു താരങ്ങള്‍. ഒടുവില്‍ ഒരു മണിക്കൂര്‍ വൈകി 10.45നാണ് വിമാനം പുറപ്പെട്ടത്. ഇതിനിടെ ആളുകള്‍ വിമാനത്തില്‍ ഇരുന്ന് മുഷിഞ്ഞ് പരാതിപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, താരങ്ങളെ ഇറക്കിവിട്ടതല്ല, ബോര്‍ഡിംഗ് പാസ് കിട്ടിയിട്ടും തങ്ങള്‍ പോകുന്നില്ലെന്ന് താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നെന്നും എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.