ബംഗളുരു: രണ്ട് ദിവസത്തിലേറെ നീണ്ട രക്ഷാപ്രവർത്തനവും ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി കാവേരി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സമീപത്ത് 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവനറ്റിരുന്നു.തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടായി രണ്ടു ദിവസം പിന്നിട്ടതോടെ കുട്ടിയുടെ ജീവനെക്കുറിച്ച് നേരത്തെതന്നെ ആശങ്കയുയർന്നിരുന്നു. എങ്കിലും, പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമെല്ലാം. എന്നാൽ, മരണ വിവരമറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ശോകമൂകമായി.
അത്താനി താലൂക്കില്‍പ്പെട്ട ധുന്‍ജരവാഡി ഗ്രാമത്തിലെ വയലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴല്‍ക്കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മുപ്പതടി താഴ്ചയിലാണ് കുട്ടി തങ്ങി നിന്നിരുന്നത്.
ലോക്കല്‍ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൂനയില്‍നിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്