കൊച്ചി:സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമെന്ന് ആരോപണ ശക്തമാകുന്നതിനിടയില്‍ വീണ്ടും പുലിവാലുപിടിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനം. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ എത്രകോടിരൂപ വേണമെങ്കിലും സ്വീകരിക്കാമെന്നാണ് തിരുവല്ലയ്ക്കടുത്ത ഒരു സഹകരണബാങ്ക് വാഗ്ദാനം നല്‍കുന്നത്.
കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് കള്ളപ്പണ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന നിക്ഷേപ സ്‌കീമുകള്‍ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്.
പാന്‍ കാര്‍ഡ് അടക്കമുള്ള നിക്ഷേപകന്റ ഒരു വിവരങ്ങളും സ്ഥിര നിക്ഷേപത്തിന് ആവശ്യമില്ലെന്നും ബാങ്ക് പറയുന്നു. 100 കോടിയിലധികം ആസ്ഥിയുള്ള ബാങ്കില്‍ നിരവധി എന്‍.ആര്‍.ഐ കളുടെ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക വിവരം.
കോട്ടയം ജില്ലയിലെ തിരുവല്ല എന്‍.ആര്‍.ഐ കളുടെ പ്രധാന കേന്ദ്രമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ, സ്ഥിരതാമസമാക്കിയവരോ ആയ ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്തുള്ളത്. പൊതുമേഖല ബാങ്കുകളില്‍ നിക്ഷേപത്തിന്റെ ഉറവിടവും നിക്ഷേപകന്റെ പൂര്‍ണ്ണ വിവരങ്ങളും കൈമാറമെന്നിരിക്കെയാണ്, ഒരു വിവരങ്ങളും ആവശ്യമില്ലെന്ന് കവിയൂര്‍ സഹകരണ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. വെബ്‌സൈറ്റിലെ ഡിപ്പോസിറ്റ് സ്‌കീമ്‌സില്‍ ഒന്നുമുതല്‍ നാല് വരെയുള്ള ഭാഗത്താണ് ഈ വിവരങ്ങള്‍ പറയുന്നത്.
ഡിപ്പോസിറ്റ് സ്‌കീംസ്
*വളരെ ലളിതമായ രീതിയിലൂടെ സ്ഥിര നിക്ഷേപം ആരംഭിക്കാം. സ്ഥിര നിക്ഷേപം
ആരംഭിക്കാന്‍ പാന്‍ കാര്‍ഡ് ആവശ്യമില്ല.
*സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയക്ക് വരുമാന നികുതി ഈടാക്കില്ല.
*നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ല.
*മറ്റ് ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള പലിശ നല്‍കുന്നു.
മാത്രമല്ല, ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് മറ്റ് ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് കവിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. ബാങ്ക് മെമ്പര്‍മാര്‍ക്കൊപ്പം മെമ്പര്‍മാര്‍ അല്ലാത്തവര്‍ക്കും നിക്ഷേപത്തിനുള്ള അവസരം ബാങ്ക് ഒരുക്കുന്നുണ്ട്. നിക്ഷേപകന്റെ കാര്യമായ രേഖകള്‍ ഒന്നുമില്ലാതെ നടത്തുന്ന ഇത്തരം സ്ഥിര നിക്ഷേപ രീതിയിലൂടെ, ഉറവിടം വ്യക്തമാക്കാത്ത കോടികണക്കിന് രൂപ ബാങ്കിലെത്തിയിട്ടുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തപ്പെടുന്നത്.
തോട്ടഭാഗം, പടിഞ്ഞാറ്റംചേരി എന്നിവിടങ്ങളിലെ രണ്ട് ബ്രാഞ്ചുകളും കവിയൂര്‍ ഹെഡ് ഓഫീസുമാണ് ബാങ്കിനുള്ളത്. 100 കോടി ആസ്ഥിയുള്ള ബാങ്കിലെ 60 കോടിയോളം രൂപ വായ്പ ഇനത്തിലാണ്. അതേ സമയം നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപം വളരെ കുറഞ്ഞതായാണ് ബാങ്ക് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.