കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെ മാതാവ് ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തു. കാവ്യയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു; ആദ്യം ഉരുണ്ടുകളിച്ചെങ്കിലും ശക്തമായ ചോദ്യം ചെയ്യലിനൊടുവിൽ നിർണായകമായ വെളിപ്പെടുത്തൽ.ഇന്നലെ രാത്രിയില്‍ അന്വേഷണ ഉദ്യോഗസ്ഥ ബി സന്ധ്യയായിരുന്നു ശ്യാമളയെ ചോദ്യം ചെയ്തത്. കേസില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടതും ദിലീപും കാവ്യാ മാധവനും ഉള്‍പ്പെട്ട ലണ്ടന്‍ ടൂറിന്റെ വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം. 2013 മുതലുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കൊണ്ടു കൊടുത്തു എന്ന് നേരത്തേ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്ന കാവ്യാമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നത് മാതാവ് ശ്യാമളയാണ്. 2013 ല്‍ ദിലീപും കാവ്യയും പങ്കെടുത്ത ലണ്ടന്‍ ടൂറുമായി ബന്ധപ്പെട്ട വിവരമാണ് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്. ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവത്തിന് കാരണമായത് ഈ വിദേശ പര്യടനം മുതലുള്ള കാര്യങ്ങളാണെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം കാവ്യയുടെ മാതാവിന് അറിയാമോ എന്നായിരുന്നു പോലീസിന്റെ പ്രധാന അന്വേഷണം. ഇക്കാര്യത്തില്‍ ചില നിര്‍ണ്ണായ വിവരം കിട്ടയതായിട്ടാണ് സൂചന.
ഇതിന് പുറമേ ലക്ഷ്യയില്‍ എത്തിച്ചെന്ന് പറയപ്പെടുന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടതും സുനില്‍ക്കുമാറുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളും ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം നടി കാവ്യാമാധവന്റെ മൊഴിയൂം അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ മാതാവിനെയും ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെ ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് പോലീസ് കാവ്യയുടെ മൊഴിയെടുത്തത്. എന്നാല്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാര്യമായ വിവരമൊന്നും പോലീസിന് കിട്ടിയില്ല. ചോദ്യങ്ങളില്‍ വ്യക്തതയുള്ള മറുപടി നല്കാതിരുന്നതിനെ തുടര്‍ന്ന് താരത്തെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങൂകയാണ് പോലീസെന്നാണ് ഒടുവിലത്തെ വിവരം.
അതേസമയം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരു ‘മാഡ’ത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇത് കാവ്യയുടെ അമ്മയാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്ന് സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിയവെ, സുനിയും കൂട്ടാളിയും സോളാര്‍ കേസില്‍ പ്രതി സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണണനെ വന്നുകാണുകയും ജാമ്യം ലഭിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കീഴടങ്ങാന്‍ അവസരമൊരുക്കാമെന്നായിരുന്നു ഫെനിയുടെ മറുപടി.
അപ്പോള്‍ ‘മാഡ’ത്തോട് ചോദിച്ച ശേഷം പറയാമെന്ന് പറഞ്ഞ് സുനി മടങ്ങുകയായിരുന്നു. ഈ മാഡത്തെ കുറിച്ചുള്ള അന്വേഷണമാണ് കാവ്യയുടെ അമ്മയിലെത്തിയതെന്നാണ് സൂചന. അതിനിടെ, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യയുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചനയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്.പി: എ.വി.ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടി മാത്രമാണ്.