കൊച്ചി: പല സിനിമയിലെയും പ്രേക്ഷകര്‍ സ്വീകരിച്ച ചെറിയ റോളുകള്‍ പല പ്രമുഖരും കയ്യൊഴിഞ്ഞവയാകും. ഇത്തരത്തില്‍ ഒന്നാണ് വെള്ളിത്തിരയില്‍ നിറഞ്ഞോടുന്ന കായംകുളം കൊച്ചുണ്ണി സിനിമയിലെ ഇത്തിക്കര പക്കിയുടെ വേഷം. നായകന് കായകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തിയ നിവിന്‍ പോളിയുടെ കൂടെ ഗസ്റ്റ് റോളില്‍ ഇത്തിക്കര പക്കിയാകാന്‍ സൂപ്പര്‍ സ്റ്റാറുകള്‍ തയ്യാറായിരുന്നില്ലെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.
യുവനടനായ നിവിന്‍ പോളിയുടെ സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ താന്‍ എന്തിന് തയ്യാറാകണമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ വേഷം ഏറ്റെടുക്കാന്‍ തയ്യാറായെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ വെളിപ്പെടുത്തി.
സിനിമയില്‍ ഇത്തിക്കര പക്കിയുടെ വേഷം ചെയ്യാന്‍ പല സൂപ്പര്‍ സ്റ്റാറുകളെയും വിളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പലരുടെയും നിലപാട് അനുകൂലമായിരുന്നില്ല. ഇക്കാര്യത്തില്‍ ഒരു സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ പോയ യാത്ര താന്‍ തന്നെ മുടക്കി. ഈ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാകുന്നില്ല. തുടര്‍ന്നാണ് ആന്റണി പെരുമ്പാവൂറിനെ സമീപിക്കുന്നത്. അദ്ദേഹം മോഹന്‍ലാലിന്റെ കാര്യത്തില്‍ ഉറപ്പ് നല്കി. സിനിമയില്‍ ലാലേട്ടന് മികച്ച രംഗങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.