പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ പിണറായി സർക്കാർ പ്രതിരോധത്തിലായതോടെ അടുത്ത തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാനുള്ള തന്ത്രവുമായി കോൺഗ്രസ്. ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേർക്കുനേർ നിന്നു പോരാടുമ്പോൾ, രണ്ടു പേരെയും വെട്ടി രാഹുൽ ഗാന്ധിയുടെ നോമിനിയായി കെ.സി വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് ലഭിക്കുന്ന സൂചന.
സാധാരണയുള്ള വ്യവസ്ഥ വച്ച് പ്രതിപക്ഷ നേതാവാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകേണ്ടത്. എന്നാൽ, രമേശ് ചെന്നിത്തലയെ വെട്ടാനുള്ള നടപടികൾ ഇപ്പോൾ തന്നെ ഉമ്മൻചാണ്ടി വിഭാഗം അണിയറയിൽ ആരംഭിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യ മൂന്നു ഘട്ടത്തിൽ പിണറായി സർക്കാരിന് തുടർ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫും കോൺഗ്രസും പോലും. അതുകൊണ്ടു തന്നെ സർക്കാരിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധവും പ്രതികരണങ്ങളും മാത്രമാണ് ഈ ഘട്ടം വരെയും യുഡിഎഫിൽ നിന്നും കോൺഗ്രസിൽ നിന്നും ഉയർന്നിരുന്നത്.
എന്നാൽ, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് പ്രതിപക്ഷത്തിന് അൽപമെങ്കിലും പ്രതീക്ഷ ഉണ്ടായത്. സ്വപ്‌നയും സ്വർണ്ണവും ചേർന്നു പിണറായിയെ പ്രതിക്കൂട്ടിൽ നിർത്തിയതോടെയാണ് പ്രതിപക്ഷവും കോൺഗ്രസും ഉണർന്നത്. ഇതോടെയാണ് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ വച്ചു തുടങ്ങിയത്.
ഇതിനിടെയാണ് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള അടിയും ആരംഭിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനു എ.ഗ്രൂപ്പ് ഉമ്മൻചാണ്ടിയുടെ പേരാണ് നിർദേശിക്കുന്നത്. രമേശ് ചെന്നിത്തല ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പ് സ്വപ്‌നം കാണുന്നത്. ഇരുവരും തമ്മിലുള്ള അടി അതിരൂക്ഷമായാൽ, ഒത്തു തീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിച്ചേയ്ക്കും.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കരുക്കൾ നീക്കിയ മുരളീധരനെ തന്ത്രപൂർവം എം.പി സ്ഥാനം നൽകി ഡൽഹിയിലേയ്ക്കു അയച്ചു. എന്നാൽ, ഇതെല്ലാം നിലനിൽക്കെയാണ് കേരളത്തിലെ ഗ്രൂപ്പ് കളികളും തമ്മിൽ തല്ലും കൃത്യമായി രാഹുൽ ഗാന്ധിയുടെ ചെവിയിൽ എത്തിച്ച വിശ്വസ്തൻ കളത്തിൽ ഇറങ്ങുന്നത്. അത് മറ്റാരുമല്ല.. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലാണ്. പുഷ്പം പോലെ ജയിക്കാൻ സാധിക്കുമായിരുന്ന ആലപ്പുഴ സീറ്റിൽ മത്സരിക്കാതെ കേരളത്തിലെ മുഖ്യമന്ത്രിക്കസേരയിലേയ്ക്കു ഒരു കളി നോക്കുകയാണ് കെ.സിയുടെ ഇനിയുള്ള തന്ത്രം. ഇതിനുള്ള കരുക്കൾ കേന്ദ്രത്തിൽ കെ.സി വേണുഗോപാൽ തയ്യാറാക്കിയിട്ടുമുണ്ട്.