സൂറിക്ക്. സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കലാമേളയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. നേരത്തെ നിശ്ചയിച്ചപ്രകാരം മെയ് 12 ന് തന്നെ രജിസ്‌ട്രേഷൻ ക്ളോസ് ചെയ്തു. ഇത്തവണ മുന്നൂറിലധികം രജിസ്‌ട്രേഷൻ ലഭിച്ചതായി കലാമേള ജനറൽ കൺവീനർ റീന അബ്രാഹം അറിയിച്ചു.
ജൂൺ 8 ,9 തീയ്യതികളിൽ സൂറിച്ചിലെ ഫെറാൽടോർഫിലാണ് കലാമേള അരങ്ങേറുന്നത്. രണ്ടു ദിന രാത്രങ്ങൾ ഇന്ത്യൻ കലകളുടെ പ്രഭാപൂരം സൂറിച്ചിൽ വിതറുന്ന കലാമാമാങ്കം ആണ് കേളി കലാമേള.
റീന അബ്രഹാം , ജോസ് വെളിയത്ത്, ജോഷി ഏബ്രഹാം , ടോണി ഐക്കരേട്ട് , ജീമോൻ തോപ്പിൽ , ബിബു ചേലക്കൽ എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലാമേള 2019 അരങ്ങേറുന്നത്.
സൂര്യ ഇന്ത്യ കലാതിലകം, കല പ്രതിഭ , ഫാ. ആബേൽ മെമ്മോറിയൽ ട്രോഫി, കേളി കലാരത്ന ട്രോഫി , മീഡിയ ഇനങ്ങളിൽ ജനപ്രിയ അവാർഡുകൾ ഇവയൊക്കെ കേളി കലാമേളയുടെ പ്രത്യേകതകളാണ്. എല്ലാ ജേതാക്കൾക്കും ട്രോഫികൾ നൽകി ആദരിക്കും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യാതിഥി ആയിരിക്കും.
അയർലൻഡ് , യു കെ , ഓസ്ട്രിയ , ജർമ്മനി ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടാതെ ഇന്ത്യ, ശ്രീലങ്ക യിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.