ശബരിമല വിഷയത്തില്‍ ബിജെപിയില്‍ കലാപം: സംസ്ഥാന നേതാക്കള്‍ സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചില്ല

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ നിരന്തര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വം പ്രശ്‌നത്തില്‍ ആളിച്ചുകളി നടത്തുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അണികളും പ്രശ്‌നത്തില്‍ ഇടപെട്ടു തുടങ്ങി എന്നാണ് വിവരം. പാര്‍ട്ടിയുടെ പൊതുനിലപാടിനെതിരെ അമര്‍ഷം പുകയുകയാണ്.

പാര്‍ട്ടിയുടെ ഏറ്റവും ഊര്‍ജ്ജസ്വലനായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാത്തത് അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധമുളവാക്കിയിട്ടുണ്ട്.

പാര്‍ട്ടി നടത്തിയ സമരത്തിന്റെ പേരില്‍ എടുത്ത പഴയ കേസുകള്‍ കുത്തിപ്പൊക്കി സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിനകത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. പാര്‍ട്ടി അണികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ശബരിമലയില്‍ പോകാന്‍ തയാറാകാത്തതും പാര്‍ട്ടിയില്‍ വിവാദമായിട്ടുണ്ട്.

കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വന്നപ്പോള്‍ പോലും സംസ്ഥാന പ്രസിഡന്റ് ശബരിമലയില്‍ എത്തിയില്ല. അതും അണികളില്‍ മുറുമുറുപ്പിന് ഇടയാക്കി. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ അണികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാല്‍ ബി.ജെ.പി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല. കെ.സുരേന്ദ്രനുവേണ്ടി പാര്‍ട്ടി നേതൃത്വം സമര രംഗത്തിറങ്ങിയില്ലെങ്കില്‍ സ്വയം തീരുമാനിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമെന്ന് ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞു.

Top