തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി.
ഇന്ധന വില കൂടും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ മദ്യത്തിന് വീണ്ടും വില വര്‍ധിക്കും. ഫ്‌ളാറ്റുകളുടെ വിലയും കൂടും. മുദ്രവില രണ്ട് ശതമാനം ഉയര്‍ത്തി.മോട്ടോര്‍ വാഹന സെസ് കൂട്ടി. രണ്ട് ലക്ഷം വരെ വരുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നിരക്കില്‍ മാറ്റം. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. 5 ലക്ഷം വരെ- 1% വര്‍ധനവ്, 5-15 ലക്ഷം വരെ- 2% വര്‍ധനവ്, 15-20 ലക്ഷം വരെ- 1% വര്‍ധനവ്, 20-30 ലക്ഷം വരെ- 1% വര്‍ധനവ്, 30 ലക്ഷത്തിന് മുകളില്‍- 1% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നുപോയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കേരളം വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. വെല്ലുവിളികളെ ധീരമായി അതിജീവിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വര്‍ധിച്ചുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.