കേന്ദ്രമന്ത്രിസ്ഥാനം; മോഹവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായ കേരളാ കോണ്‍ഗ്രസിന് കേന്ദ്രമന്ത്രിസ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ മാണി എംപി. കേരളാ കോണ്‍ഗ്രസ് എം അമിത് ഷായുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫേസ് ബുക്കിലൂടെ കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി പ്രതികരിച്ചത്.

കേരളാ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രതിബദ്ധത നമ്മുടെ നാട്ടിലെ സാധാരണ കര്‍ഷകരുടെ ഉന്നമനത്തിനും അവരുടെ ഉയര്‍ച്ചക്കും വേണ്ടിയാണ്. അതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും, മുന്നോട്ടുള്ള നിലപാടുകള്‍ക്ക് അടിസ്ഥാനപരമായി സ്വാധീനിക്കുന്ന രാഷ്ട്രീയവും എന്നു പ്രത്യേകമായി സൂചിപ്പിക്കട്ടെ. കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അതില്‍ കേരളാ കോണ്‍ഗ്രസ് വീണുപോയിരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിഎ മന്ത്രിസഭയില്‍ യുപിഎയുടെ ഭാഗമായിരുന്ന കാലത്ത് ഒന്‍പത് എം.എല്‍എമാരും രണ്ടു എംപിമാരും ഉണ്ടായിരുന്നപ്പോള്‍ യുപിഎയുടെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റിലെ അംഗസംഖ്യ നിര്‍ണ്ണായകമായിരുന്നപ്പോഴും ,നിയമസഭയില്‍ യുഡിഎഫിന് രണ്ടു സീറ്റുകള്‍ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴും കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി ഒരു അലോസരമോ നേരിയ സമ്മര്‍ദ്ദമോ സൃഷ്ടിക്കാത്ത പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേന്ദ്രമന്ത്രിസ്ഥാനം അതുകൊണ്ടു തന്നെ കേരളാ കോണ്‍ഗ്രസ്സിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. കേന്ദ്രമന്ത്രിസ്ഥാനത്തിന്റെ പേരു പറഞ്ഞ് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നിലുള്ള ലക്ഷ്യമെന്താണ് എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്.

ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി വോട്ട് രേഖപ്പെടുത്തിയ സംഭവവികാസത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ എല്‍ഡിഎഫിന്റെ ഭാഗമായി ചിത്രീകരിച്ച ഇവര്‍ ഇപ്പോള്‍ ജിഎസ്ടി യോഗത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ ബിജെപിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്.ഒരാഴ്ചമുമ്പ് ബിജെപിയുടെ പ്രസിഡണ്ടുസ്ഥാനാര്‍ത്ഥിക്കെതിരായി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാകുമാറിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടുനല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്നും കഴിഞ്ഞ ദിവസം മീരാകുമാര്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ ആവശ്യമായ പിന്തുണ നേരിട്ട് പ്രഖ്യാപിക്കുകയും രാഷ്ട്രീയ നിലപാടു സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്സെന്നും ഇവര്‍ സൗകര്യപൂര്‍വ്വം മറന്നുപോവുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ജിഎസ്ടി നിലവില്‍ വരുന്നതിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുത്തതിനെ ബിജെപിയുമായുള്ള ബന്ധമായി ചിത്രീകരിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഏതെങ്കിലുമൊരു മുന്നണിയുടെ പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗീബല്‌സിന്റെ വേഷംകെട്ടിയ വ്യാജ പ്രചാരകര്‍ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്.

ജിഎസ്ടി യോഗത്തില്‍ എന്‍സിപി നേതാവായ ശരത് പവാര്‍ അടക്കമുള്ള നിരവധി പ്രമുഖരായ നേതാക്കള്‍ പ്രതിപക്ഷനിരയില്‍നിന്നും പങ്കെടുത്തിരുന്നു. അത് പോലെ തന്നെ മുന്‍ ധനകാര്യമന്ത്രിമാരും, മന്ത്രിതലസമിതിയുടെ മുന്‍ അദ്ധ്യക്ഷന്മാരും ഈ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. സിപിഎം യോഗത്തില്‍നിന്നു വിട്ടുനിന്നപ്പോഴും പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രി കൂടിയ ആയ അസിം ദാസ് ഗുപ്ത ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.

കെ.എം.മാണി ജിഎസ്ടിയെ സംബന്ധിച്ച മന്ത്രിതലസമിതിയുടെ അദ്ധ്യക്ഷനായിരുന്നയാള്‍ എന്ന നിലയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ എം.പിമാരും ആ ചടങ്ങില്‍ പങ്കെടുക്കുക സ്വാഭാവികമാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെ രാഷ്ട്രീയബന്ധമായി ചിത്രീകരിക്കാനാണെങ്കില്‍ ഡല്‍ഹിയില്‍ സ്ഥിരം നടക്കുന്ന ഇത്തരം യോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയായിരിക്കാം ഇത്തരക്കാരെ കള്ള പ്രചരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ അജ്ഞതയ്ക്കപ്പുറം കേരളാ കോണ്‍ഗ്രസ്സിനെ സ്‌നേഹിച്ച് ശ്വാസം മുട്ടിക്കലാണ് ലക്ഷ്യം.

കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടുകള്‍ വളരെ സുവ്യക്തമാണ്. ചരല്‍ക്കുന്ന് ക്യാമ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനവും പ്രമേയവും ഇപ്പോഴും നിലനില്‍ക്കുകയാണ്. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വരുമ്പോള്‍ അനുയോജ്യവും ഉചിതവുമായ നിലപാടു സ്വീകരിക്കാനുള്ള പ്രാപ്തി കേരളാ കോണ്‍ഗ്രസ്സിനുണ്ട്. അതു പാര്‍ട്ടി ഒറ്റക്കെട്ടായി സ്വീകരിക്കുക തന്നെ ചെയ്യും

Top