കോട്ടയം:കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. പിജെ ജോസഫുമായി ലയനം വേണ്ടെന്ന നിലപാട് കേരള കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം ലീഡറും പിറവം എംഎല്‍എയുമായ അനുപ് ജേക്കബ് വിഭാഗം സ്വീകരിച്ചതാണ് പിളര്‍പ്പിന് വഴിവെച്ചത്. ലയനത്തില്‍ ഉറച്ചു നിന്ന ജോണി നെല്ലൂര്‍ വിഭാഗം ലയന തീയതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണിനെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം യോഗം ചേരുന്നു.
ലയനം സംബന്ധിച്ച് വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലായിരുന്നു അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ ഇന്ന് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയാണ് വിളിച്ചു കൂട്ടിയതെന്നാണ് ഇരു വിഭാഗം നേതാക്കളുടേയും അവകാശ വാദം.ജോസഫ് ഗ്രൂപ്പുമായി ജോണി നെല്ലൂര്‍ ലയനം പ്രഖ്യാപിച്ചു. ലയന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഫെബ്രുവരി 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ തീരുമാനം.
കോട്ടയത്തെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു അനൂപ് ജേക്കബ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നത്. ജോണി നെല്ലൂര്‍ വിഭാഗം കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ജേണി നെല്ലൂര്‍ വിഭാഗം ജോസഫ് വിഭാഗവുമായി ലയിക്കുന്നതായി പ്രഖ്യാപിച്ചത്.പാര്‍ട്ടി അധ്യക്ഷനും പിതാവുമായ ടിഎം ജേക്കബിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബ്. ജേക്കബിന്‍റെ മരണ ശേഷം ആശുപത്രിയില്‍ വെച്ച് തന്നെ അധികാരത്തിനായി ചര്‍ച്ചകള്‍ക്ക് മുതിര്‍ന്നായാളാണ് അനൂപ് ജേക്കബെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിയായിരുന്ന കാലയളവില്‍ ടിഎം ജേക്കബിന്‍റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് സ്വീകരിച്ചില്ല. സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് മാണി ഗ്രൂപ്പില്‍ നിന്ന് വന്ന വ്യക്തിയാണ് താന്‍. അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമിനല തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ രാഷ്ട്രീയത്തില്‍ ചെയര്‍മാനാണ് പരമാധികാരിയെന്നും, തന്റെ തീരുമാനം അംഗീകരിക്കാന്‍ ആകാത്തവര്‍ പാര്‍ട്ടിക്ക് പുറത്താകും എന്ന നിലപാടായിരുന്നു ജോണി നെല്ലൂര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. ലനയം സംബന്ധിച്ച് നേരത്തെ തന്നെ ജോണി നെല്ലൂര്‍ ജോസഫ് വിഭാഗവുമായി ധാരണയില്‍ എത്തിയിരുന്നു.