പി.സി.പുറത്തേക്ക് ?ജോര്‍ജിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന പരാതി നിലനില്‍ക്കുന്നത്: സ്പീക്കര്‍

തിരുവനന്തപുരം:കൂറുമാറ്റ നിരോധന നിയമം പ്രകാരം പിസി ജോര്‍ജ്‌ എംഎല്‍എയ്ക്കെതിരേ കേരള കോണ്‍ഗ്രസ്‌–എം നല്‌കിയ ഹര്‍ജി നിലനില്‍ക്കുമെന്ന്‌ സ്‌പീക്കര്‍ എന്‍ ശക്തന്‍ വിധിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്‌ പിസി ജോര്‍ജ്‌ എംഎല്‍എയ്ക്കെതിരേ നടപടി തുടരുമെന്ന്‌ ഉറപ്പായി. പരാതി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള ജോര്‍ജിന്റെ വാദം സ്‌പീക്കര്‍ അംഗീകരിച്ചില്ല.പരാതിയിത്തേല്‍ ജോര്‍ജിനു പറയാനുള്ള കാര്യങ്ങള്‍ 23നു മുന്‍പു വിശദീകരണം നല്‍കാമെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരുന്നു സ്പീക്കറുടെ തീരുമാനം.

തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു ജോർജ് പ്രതികരിച്ചു. തോമസ് ഉണ്ണിയാടൻ നൽകിയ പരാതിയിൽ കൃത്രിമത്വം കാട്ടിയെന്നതുൾപ്പെടെ പ്രശ്നങ്ങളുണ്ട്. തനിക്കു നൽകിയ ശരിപ്പകർപ്പിൽ പരാതിക്കാരൻ ഒപ്പിട്ടിരുന്നില്ല. യഥാർഥ പരാതിയിൽ പിന്നീടു കടലാസ് ഒട്ടിച്ച് ഈ സത്യവാങ്മൂലം എഴുതി ഒപ്പിട്ടു. ഇതിന്റെ സത്യാവസ്ഥ കണ്ടെത്താതെ തീർപ്പാകില്ല. അതിനാൽ ഇതു ക്രൈംബ്രാഞ്ച് അന്വേഷിക്കണം. അതിനായി കോടതിയെ സമീപിക്കും. എന്നാൽ ജോർജിനെതിരെ പരാതി നിലനിൽക്കുമോ എന്നതിൽ മാത്രമാണു തീരുമാനം എടുത്തതെന്നു സ്പീക്കർ അറിയിച്ചു. കൃത്രിമം കാട്ടിയെന്ന പരാതി പിന്നീടാണു വന്നത്. അതും പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയുടെ എല്ലാ പുറങ്ങളിലും അനുബന്ധരേഖകളിലും പരാതിക്കാരൻ ഒപ്പിട്ടില്ല എന്നതിനാൽ തള്ളണമെന്ന ജോർജിന്റെ ആവശ്യമാണ് ഇപ്പോൾ സ്പീക്കർ നിരാകരിച്ചിരിക്കുന്നത്. പരാതിയുടെ ശരിപ്പകർപ്പു പോലെ തന്നെ അതിലെ അനുബന്ധ രേഖകളും പരിശോധിച്ചു പരാതിക്കാരൻ ഒപ്പിടണമെന്നു തന്നെയാണു ചട്ടം. എന്നാൽ ഈ ചട്ടം ഒരു നടപടിക്രമത്തിന്റെ സ്വഭാവമുള്ളതും ഭണഘടനപ്രകാരം സ്പീക്കറിൽ നിക്ഷിപ്തമായ കടമ നിർവഹിക്കാൻ വേണ്ടിയുള്ളതുമാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.

പോരായ്മയുള്ള പരാതി തള്ളണമെന്നു ചട്ടം പറയുന്നുണ്ടെങ്കിലും അതിനു നിർദേശത്തിന്റെ സ്വഭാവമാണുള്ളത്. ഇത്തരം പരാതികളിൽ അന്വേഷണം നടത്തി തീരുമാനമെടുക്കണമെന്നു കൂടി ഉദ്ദേശിച്ചാണു ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അതു സാങ്കേതികത്വം പറഞ്ഞു തടസ്സപ്പെടുത്താനാവില്ല. ചട്ടങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെയും ലക്ഷ്യത്തെയും തടസ്സപ്പെടുത്തുന്നതാകരുത്. അയോഗ്യത ആവശ്യപ്പെടുന്ന വ്യക്തിയെ വ്യാജപരാതി വഴി അപമാനിക്കാതിരിക്കാനും വേണ്ടത്ര തെളിവുകൾ ഉറപ്പാക്കാനുമാണ് ഈ ചട്ടങ്ങൾ.

ഒപ്പിട്ടില്ല എന്ന സങ്കേതികപ്പിഴവിന്റെ പേരിൽ മാത്രം ഉത്തരവു നൽകിയാൽ അതു ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാകും, തെറ്റുകാരൻ രക്ഷപ്പെടുകയും ചെയ്യും. ഒന്നിലേറെ രേഖകൾ ഒന്നായി സമർപ്പിക്കാൻ തടസ്സമില്ലെന്നിരിക്കെ ഏതെങ്കിലും ഒന്നിൽ പരിശോധിച്ച് ഒപ്പിട്ടാലും മതി. ചട്ടം ആറ് പ്രകാരം ഈ പരാതിയിൽ വേണ്ട കാര്യങ്ങൾ ഉണ്ടെന്നാണു പരിശോധനയിൽ തെളിഞ്ഞത്. ഇക്കാരണങ്ങളാൽ പരാതി നിലനിൽക്കുന്നതല്ലെന്ന ജോർജിന്റെ വാദം തള്ളുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.സെപ്തംബര്‍ 26 ന് ഇരു കക്ഷികളുടേയും വാദം വീണ്ടും കേള്‍ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രംഗത്ത് വന്നിട്ട് നാളുകള്‍ ഏറെയായി. ഇതേ തുടര്‍ന്ന് പാര്‍ട്ടി നടപടിയും പിസി ജോര്‍ജ്ജിന് നേരിടേണ്ടി വന്നു. കേരള കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിയ്ക്കാനുള്ള ശ്രമവും ജോര്‍ജ്ജ് നടത്തിയിരുന്നു. ഇതിനിടെയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ സമിതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോഴും പറയുന്നത്. സത്യം പറയുകമാത്രമാണ് ചെയ്തത്.

Top