തിരുവനന്തപുരം: അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാംപുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്. 1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യംപിലെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം.
നിങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാണരുതെന്നും പുതിയ സാധനങ്ങള്‍ മാത്രമേ സംഭാവന ചെയ്യാവൂ എന്നും അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപയോഗ്യ ശൂന്യമായ വസ്തുക്കളും മുഷിഞ്ഞ വസ്ത്രങ്ങളും നിരവധി പേര്‍ ക്യാംപിലേക്ക് എത്തിച്ചു. ഇത് സന്നദ്ധപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറിയിരുന്നു. മിക്കയിടങ്ങളിലും ഇത്തരം സാധനങ്ങള്‍ കുന്നുകൂടി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.