തൃശൂർ :കേരളത്തിൽ ദുരന്തം വിതച്ച പ്രളയത്തിൽ സെമിത്തേരിയിൽ വെള്ളം കയറിയതുമൂലം ജ്യേഷ്ഠന്റെ മൃതദേഹം സംസ്കരിക്കാൻ ഒരാഴ്ചയോളം ഓടിനടന്ന സഹോദരൻ കുഴഞ്ഞുവീണു മരിച്ചു. റിട്ട. പോസ്റ്റ് മാസ്റ്റർ ചേലൂർ തൊഴുത്തുംപറമ്പിൽ ചാർലി (75) ആണു മരിച്ചത്. ഒരാഴ്ച മുൻപു ചാർലിയുടെ സഹോദരൻ പോൾ (79) നിര്യാതനായിരുന്നു. 26നു പോളിന്റെ സംസ്കാരം നടക്കാനിരിക്കെയാണ് ചാർലിയും മരിച്ചത്.
ദീർഘകാലം മുംബൈയിൽ ജോലി ചെയ്തിരുന്ന പോൾ 16നു വെള്ളപ്പൊക്ക സമയത്താണു മരിച്ചത്. ചേലൂർ സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നിശ്ചയിച്ചെങ്കിലും സെമിത്തേരിയിൽ വെള്ളം കയറിയതിനാൽ ചടങ്ങുകൾ മാറ്റിവയ്ക്കേണ്ടിവന്നു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രി മോർച്ചറിയിലേക്കു മാറ്റുകയും ചെയ്തു. സംസ്കാര ചടങ്ങുകൾ ഒരുക്കാനും മറ്റും ഒരാഴ്ചയായി ഓടിനടക്കുകയായിരുന്നു ചാർലി. വീടിനുള്ളിൽ കുഴഞ്ഞുവീണാണ് അന്ത്യം. മോർച്ചറിയിൽ പോളിന്റെ മൃതദേഹത്തിനൊപ്പമായിരുന്നു ചാർലിയുടെ മൃതദേഹവും സൂക്ഷിച്ചത്.സംസ്കാരം നടത്തി.