കൊച്ചി: കേരളത്തെ വലച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ ധനസമാഹരണത്തിനായി പലരും തങ്ങളുടേതായ വഴികളില്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ദുരിതാശ്വാസ്തിതന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ദുഷ്ടമനസ്സുകള്‍ വിലസുകയാണ്.
ദുരിതാശ്വാസത്തിന്റ പേരില്‍ ബസുകളില്‍ നിന്നും പണ പിരിവ് നടത്തിയ ശേഷം വളരെ ചെറിയ തുക മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബാക്കി പണം പോക്കറ്റിലാക്കിയ തൊടുപുഴയിലെ ബസ് ഉടമകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. 11 ബസുകളില്‍ ബക്ക്റ്റ് പിരിവ് നടത്തിയ ഒരു ബസ് ഉടമ നിസ്സാര തുക മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇനിനെക്കുറിച്ചും സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
11 ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയ ബസ് ഉടമ കൈമാറിയത് നാല് ബസിലെ മാത്രം കളക്ഷനായ 40,000 രൂപയാണ്. എന്നാല്‍ ഇക്കഴിഞ്ഞ മൂന്നിന് ഇവര്‍ തങ്ങളുടെ 11 ബസുകളില്‍ നിന്നും ബക്കറ്റ് പിരിവിലൂടെ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ യോഗം ആരോപണം ഉന്നയിച്ച ചില അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് തൊടുപുഴയിലെ ബസ് ഉടമകള്‍ യാത്രക്കാരില്‍ നിന്നും ബക്കറ്റ് പിരിവ് നടത്തിയത്. നല്ല കളക്ഷനുകള്‍ ലഭിക്കുന്ന റൂട്ടുകളാണ് എല്ലാ ബസുകളുടേയും. എന്നാല്‍ ബക്കറ്റില്‍ പിരിച്ചെടുത്ത തുകയില്‍ പകുതിപോലും ദുരിതാശ്വാസ നിധിയിലേക്കു ഇവര്‍ കൈമാറിയില്ലെന്നാണ് ആക്ഷേപം. 11 ബസുകളില്‍ പിരിവു നടത്തിയ ഒരു ബസുടമ നാലു ബസിന്റെ കലക്ഷന്‍ മാത്രമാണു നല്‍കിയതെന്നാണ് ആരോപണം. സാധാരണ ദിവസംപോലും 10,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകളാണെന്നും നാലു ബസില്‍നിന്നു 40,000 രൂപ മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെന്നുമാണ് ആരോപണം.
പിരിവു നടന്ന ദിവസം പതിവിലും ഇരട്ടി കളക്ഷന്‍ കിട്ടിയെന്നു ബസിലെ ജീവനക്കാര്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ കാല്‍ ഭാഗം പോലും ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ കൈമാറിയില്ല. ഒരു ബസ് മാത്രമുള്ള പലരും 8500 രൂപ വരെ നല്‍കിയപ്പോഴാണ് 11 ബസ് ഉള്ളയാള്‍ 40,000 രൂപ മാത്രം നല്‍കിയത്.അതേസമയം പണം പിരിച്ചത് ബസ് ഉടമകളാണെന്നനും അതിന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനുമായി ബന്ധമില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
തൊടുപുഴ മേഖലയിലെ 128 ബസ് ഉടമകളില്‍ നിന്ന് 4,44,592 രൂപ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു. ഈ തുകയ്ക്കു രസീതും നല്‍കിയിട്ടുണ്ട്. ബക്കറ്റില്‍ എത്ര രൂപ പിരിച്ചെടുത്തുവെന്ന് അറിയാന്‍ കഴിയില്ല. പിരിച്ചെടുത്ത തുക ദുരിതാശ്വാസത്തിനു നല്‍കേണ്ടതിന്റെ ധാര്‍മികത ബസ് ഉടമകള്‍ക്കാണെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതേസമയം ദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിടുങ്ങിയ ബസ് ഉടമകളെ പൂട്ടാനും തക്ക ശിക്ഷ തന്നെ നല്‍കുവാനുമാണ് സര്‍ക്കാര്‍ തീരുമാനം.