ന്യൂഡല്‍ഹി: കേരളം നേരിട്ട പ്രളയക്കെടുതി ദേശീയ ദുരന്തമെന്ന് നിയമപരമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിൽ . ദേശീയദുരന്ത നിവാരണ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ഏറ്റവും വലിയ ദുരന്തങ്ങളുടെ ഗണത്തിലാണ് കേരളത്തിലെ പ്രളയത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എത്ര വലുതാണെങ്കിലും ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്നും പൊതുവെ ഉപയോഗത്തിലുള്ള ഒരു വാക് പ്രയോഗം മാത്രമാണിതെന്നും ഇതിന് പ്രസക്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ തന്നെയാണ് പ്രളയക്കെടുതിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ദുരന്തമെന്നത് വെറുമൊരു പ്രയോഗം മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.
ലെവല്‍ മൂന്ന് (എല്‍ത്രീ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
അതേസമയം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തിയും നഷ്ടത്തിന്റെ കണക്കും വേഗത്തില്‍ വ്യക്തമാക്കണം. ഏതൊക്കെ മേഖലയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. പുനരധിവാസ പദ്ധതിയും മാലിന്യനിര്‍മാര്‍ജനവും സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ഇതുവരെ ചെയ്ത നടപടികളില്‍ ഇനി കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കും. കേരളത്തിലെ സാഹചര്യങ്ങളില്‍ ആശങ്ക ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മറ്റു സുപ്രീം കോടതി ജഡ്ജിമാരും സഹായം നല്‍കും. ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
അറ്റോര്‍ണി ജനറല്‍ ഒരുകോടി രൂപ സഹായം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും കെഎം ജോസഫും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.