യൂണിവേഴ്സ്റ്റി കോളേജ് വിഷയത്തിലെ മുഖ്യപ്രതികളായ മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിഎസ് സി പരീക്ഷയില്‍ നടത്തിയ തട്ടിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പിഎസ് സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമാണോ എന്ന് കോടതി പിഎസ്സിയോട് ചോദിച്ചു. തികച്ചും സുതാര്യമായി നടക്കുന്ന പിഎസ്സി പരീക്ഷയില്‍ പ്രതികള്‍ക്ക് എങ്ങനെയാണ് മൊബൈല്‍ സൗകര്യം കിട്ടിയത്. മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഒരു മത്സരപ്പരീക്ഷയില്‍ അനുവദനീയമാവുക? ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടത്? ഈ ഒരൊറ്റ കേസിലൂടെ സമൂഹത്തില്‍ പിഎസ് സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നും കോടതി വിലയിരുത്തി. ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഉന്നത സ്വാധീനമുള്ളവര്‍ക്ക് ഇത്തരത്തില്‍ എന്തും ചെയ്യാനാകുമോ എന്നും കോടതി ചോദിച്ചു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മറ്റ് പ്രതികളെ പിടികൂടാത്തതെന്തെന്ന് കോടതി പോലീസിനോട് ചോദിച്ചു. പ്രതിയായ അമറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചു. അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണ്. സമാനമായ സംഭവം ചെയ്തത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആയിരുന്നെങ്കില്‍ പോലീസിന് ഈ സമീപനം തന്നെ ആയിരിക്കുമോ എന്നും കോടതി ചോദിച്ചു. കുറ്റത്തിന്‍റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്ന് ഹൈക്കോടതി പൊലീസിനെ ഓര്‍മ്മിപ്പിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി തന്നെ അറസ്റ്റിലായ നാടാണിത്. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.