കേരള പോലീസിന്റെ ട്രോള്‍ വെറും ട്രോളല്ല!!! പഠനം നടത്തിയ മൈക്രോസേഫ്റ്റ് സംഘത്തിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ പോലീസിന്റെ ട്രോളുകളെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിയ ആഗോള കമ്പനിയായ മൈക്രോസോഫ്റ്റ് പ്രധാനപ്പെട്ട ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ്. പോലീസിന്റെ ട്രോളുകള്‍ ഹിറ്റാകുന്നതിന്റെ രഹസ്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കണ്ടെത്തലുകള്‍ നടത്തിയത്. പോലീസിന്റെ ട്രോള്‍ വെറും ട്രോളല്ലെന്നും അതിനുള്ളില്‍ ഒരു വിപണന തന്ത്രമുണ്ടെന്നുമാണ് പഠനം തുടങ്ങിയവരുടെ പക്ഷം.

പത്തുമാസം മുമ്പാണ് കേരളപോലീസ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളും ഇന്‍സ്റ്റഗ്രാമും ഉപയോഗിച്ച് ട്രോളാന്‍ തുടങ്ങിയത്. പുതുവര്‍ഷത്തില്‍ 10 ലക്ഷം ലൈക്കാണ് ഈ പേജ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഈ ഹിറ്റാവലിനു കാരണം ലളിതമാണെന്ന് സൈബര്‍ വിഭാഗം മേധാവി മനോജ് എബ്രഹാം പറയും. ”ദിവസം മുഴുവന്‍ ഓണ്‍ലൈനില്‍ കഴിയുന്ന ഫ്രീക്കന്മാര്‍ക്കൊപ്പമാണ് നവമാധ്യമവിഭാഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപദേശവും കണ്ണുരുട്ടലുംകൊണ്ട് നന്നാവില്ലമ്മാവാ എന്നു പറയുന്നവരോട് അല്പം ചളുവടിച്ച് നന്നാക്കാനാവുമോ എന്നാണ് നോക്കിയത്. അത് ഫലം കാണുന്നുമുണ്ട്. പേജുകള്‍ ഗള്‍ഫിലുള്ള മലയാളികള്‍ക്കുപോലും ഇഷ്ടം.”

അപ്പപ്പോഴുള്ള ട്രെന്‍ഡുകള്‍ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികള്‍. സ്ഥിരം ട്രോള്‍ തൊഴിലാളികളെ തോല്‍പ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തില്‍ നല്‍കുന്ന മറുകമന്റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്. ‘സര്‍, ബസില്‍ പോക്കറ്റടിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ വഴിയുണ്ടോ’ എന്ന് ആക്കി ചോദിച്ചാല്‍ ‘ട്രെയിനില്‍ പോയാല്‍ മതി’യെന്നായിരിക്കും മറുപടി.

പലകാലങ്ങളില്‍ ഹിറ്റായ സിനിമാ സന്ദര്‍ഭങ്ങള്‍തന്നെയാണ് പോലീസ് ട്രോളന്‍മാരുടെയും ആയുധം. ശ്രീനിവാസന്റെ പ്രശസ്തമായ ‘പോളണ്ടിനെക്കുറിച്ച് മിണ്ടരുതെ’ന്ന വാചകം ഓര്‍മിപ്പിച്ചാണ്, പോളണ്ടിനെക്കുറിച്ച് മിണ്ടിയാലും ബാങ്കിടപാടിലെ പിന്‍, ഒ.ടി.പി. നമ്പറുകളെക്കുറിച്ച് മിണ്ടരുതെന്ന താക്കീതു നല്കുന്നത്.

വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാന്‍സ് കളിക്കുന്ന ടിക് ടോകും, കികി ചലഞ്ചുമൊക്കെ തടയാന്‍ ട്രോള്‍ വീഡിയോകള്‍തന്നെ ഇറക്കി. സംഗതി ഹിറ്റായതോടെ യുവാക്കളും വഴങ്ങിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഹെല്‍മെറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓര്‍മിപ്പിക്കാനും ട്രോളുകള്‍തന്നെ ആയുധം.

വെറും ട്രോള്‍ മാത്രമല്ല പോലീസ് ഫെയ്‌സ്ബുക്ക് പേജ്. പോലീസുമായി ബന്ധപ്പെട്ട എന്തു സംശയവും ചോദിക്കാം. 24 മണിക്കൂറും മറുപടിയും ആവശ്യമെങ്കില്‍ നിയമസഹായവുമൊക്കെയായി ഇതേ ട്രോളര്‍മാര്‍ സജീവമാണ്.

എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന തരത്തില്‍ നടത്തിയ വ്യാജ പ്രചാരണം ആദ്യം കണ്ടെത്തി റിപ്പോര്‍ട്ടുചെയ്തതും പോലീസിലെ ഈ ട്രോളര്‍മാരായിരുന്നു. പോലീസ് ഫെയ്‌സ്ബുക്ക് പേജ് ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ട്രോള്‍ പരീക്ഷണം എന്ന ആശയം മനോജ് എബ്രഹാം മുന്നോട്ടുവെച്ചത്.

Top