കൊല്ലം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്ക് അര്‍ഹരായത് ആറുപേരാണ്. നറുക്കെടുപ്പിന് തലേ ദിവസം വൈകുന്നേരം എടുത്ത രണട് ടിക്കറ്റില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് ഈ ആറുപേരും. ഇതില്‍ ഒരാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മറ്റുള്ളവരും ചേര്‍ത്ത് രണ്ട് ബമ്പര്‍ ടിക്കറ്റ് പങ്കിട്ടെടുത്തത്. തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപയാണ് ഇവര്‍ പങ്കുവയ്ക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ ആറുപേരുള്ള ഒരു സംഘത്തിന് ഭാഗ്യം വീണതോടെ നടപടി ക്രമത്തിലും ഇത്തവണ കുറച്ച് മാറ്റമുണ്ടാകും. മുന്‍പു രണ്ടു പേര് വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. ഇതോടെ 6 പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്.
നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ് ഇക്കാര്യങ്ങള്‍. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നല്‍കേണ്ടതും വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.