തിരുവനന്തപുരം: പൂജാ ബമ്പര്‍ അടിച്ചയാള്‍ ഇതുവരെ പേര് പുറത്ത് വിട്ടില്ല !പേരും വിവരവും പുറത്ത് വിട്ടതുകൊണ്ട് കഷ്ടതയെന്ന് 25 കോടി ഭാഗ്യശാലി അനൂപിന്റെ ഭാര്യ പറയുന്നു.പത്ത് കോടി പൂജാ ബമ്പര്‍ അടിച്ചയാള്‍ പേര് വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പറഞ്ഞത് നന്നായെന്ന് കഴിഞ്ഞ വര്‍ഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവായ അനൂപിന്റെ ഭാര്യ മായ.
പേരും വിവരവും പുറത്ത് വിട്ടതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും മായ പറയുന്നു. ലോട്ടറി ലഭിച്ച ശേഷം കുറച്ചുദിവസത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥയായിരുന്നു. ഇന്നും ആളുകള്‍ കടം ചോദിക്കുന്നുണ്ടെങ്കിലും ശീലമായതുകൊണ്ട് കാര്യമായി എടുക്കാറില്ല. ലോട്ടറിയടിച്ചവര്‍ പണം സൂക്ഷിച്ച് ചെലവാക്കണമെന്നും മായ പറഞ്ഞു.
ഓട്ടോ ഡ്രൈവറായ ശ്രീവരാഹം സ്വദേശി അനുപ് ലോട്ടറി കച്ചവടം തുടങ്ങിയിരിക്കുകയാണ്. മണക്കാട് ജംഗ്ഷനിലാണ് ജനുവരി 20 ന് കട തുറന്നത്. ഭാര്യ മായയുടെ കൂടി പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് എംഎ ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.ബമ്പര്‍ അടിച്ച ശേഷവും അനൂപ് പലപ്പോഴായി ലോട്ടറി അടിക്കുകയും 5000 രൂപവരെ ലഭിക്കുകയും ചെയ്തിരുന്നു. ഭാഗ്യവാന്റെ കൈയ്യില്‍ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ നിരവധിപേര്‍ കടയിലെത്തുന്നുണ്ടെന്നും അനൂപ് പറയുന്നു. ഇനി സ്വന്തമായി ഏജന്‍സി തുടങ്ങാനാണ് തീരുമാനം.
പൂജാ ബമ്പറിന്റെ 10 കോടി രൂപയുടെ ലോട്ടറി അടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്നാണ് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല. 2022 നവംബര്‍ 20 നായിരുന്നു പൂജാ ബമ്പര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.