മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം.

ഭുവനേശ്വർ: ഒഡീഷയിൽ മലയാളി വൈദികന് മർദനമേറ്റു. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പൊലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്‌രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പൊലീസ് പള്ളിയുടെ സ്വത്തുക്കൾ നശിപ്പിച്ചതായും ആരോപണമുണ്ട്.സമീപത്തെ ​ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 22ന് ​ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പൊലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഇവരെ ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ച് അപമാനിച്ചു. ചോദ്യം ചെയ്ത സഹവികാരിക്ക് ക്രൂരമായ മർദനമേറ്റു. അദ്ദേഹത്തിന്റെ തോളെല്ലിന് പരിക്കുണ്ട്. സഹവികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘം പള്ളിയിലെ ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു. സംഭവത്തിൽ ഫാ ജോഷി ജോർജ് പോലീസിൽ പരാതി നൽകിയിട്ടില്ല. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികൻ പറഞ്ഞു.

അതേസമയം, ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിൽ ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി. അക്രമത്തിൽ പങ്കെടുത്ത മൂന്നു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ദൃശ്യങ്ങൾ പരിശോധിച്ചു കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് ജബൽപൂരിലെ ജില്ലാ പൊലീസ് മേധാവി പറയുന്നു. എന്നാൽ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. ജബൽപൂരിലെ എസ്പി ഓഫീസിൽ മുന്നിൽ വച്ചാണ് വൈദികരെ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചത്. പരാതി നൽകി മൂന്നു ദിവസത്തിനുശേഷമാണ് എഫ് ഐ ആർ ഇടാൻ പോലും പൊലീസ് തയ്യാറായത്.

Top