അബുദാബി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി 50 കോടി രൂപ പ്രഖ്യാപിച്ച പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള പുനര്‍നിര്‍മാണത്തിനും പുനരധിവാസത്തിനുമുള്ള കര്‍മസേനയെ നയിക്കുന്നത് കേരളത്തിന്റെ സ്വന്തം മെട്രോമാന് ഇ. ശ്രീധരന്. ഡോ. ഷംസീര്‍ വയലില്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മെട്രോമാന് ശ്രീധരന്റെ ഉള്‍ക്കാഴ്ചയും അനുഭവപരിചയവും നവകേരളത്തിന്റെ നിര്‍മാണത്തിന് വിലമതിക്കാന്‍ സാധിക്കാത്തതാണ്. ഏറെ തിരക്കിനിടയിലും തങ്ങളുടെ ക്ഷണം സ്വീകരിച്ചതിന് നന്ദിയെന്നും ഡോ. ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. വിപിഎസ് ഹെല്‍ത്ത്കെയര്‍ സിഎംഡി ഡോ.ഷംസീര്‍ വയലിന് കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് അറിയിച്ചത്.
ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഡോ. ഷംസീര്‍ വയലില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പ്രളയ സമയത്ത് പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ സൈന്യം, നാവികസേന, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തുടങ്ങിയവര്‍ നടത്തിയ സേവനങ്ങളെ അഭിനന്ദിച്ചു. ഒപ്പം രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, വസ്ത്രം, ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങി വിവിധ മേഖലകളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ ഇ. ശ്രീധരനെ പോലെ ഒരു വ്യക്തിയുടെ സേവനവും ഉറപ്പാക്കും എന്ന് അദ്ദേഹം പറഞ്ഞത്.