മൂവാറ്റുപുഴ: പ്രളയ ജലത്തില്‍ ഒഴുകിയെത്തിയ പശുവിനായി അവകാശം ഉന്നയിച്ചെത്തിയത് അഞ്ചുപേര്‍. ഒടുവില്‍ പരിശോധനയില്‍ അവര്‍ അഞ്ചുപേരും ഉടമകള്‍ അല്ലെന്നുതെളിഞ്ഞു. കഴിഞ്ഞ ദിവസം വാളകം മേക്കടമ്പിലാണ് മഴവെള്ളപ്പാച്ചിലില്‍ പശു ഒഴുകിയെത്തിയത് പശുവിനെ നാട്ടുകാര്‍ കരയ്ക്ക് കയറ്റി. നല്ല ലക്ഷണമൊത്ത പശുവിനെ കണ്ടതോടെ ചിലര്‍ അഥിനെ കെട്ടിപ്പിടിച്ച് കരയാനും തിരികെ കിട്ടിയതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. അഞ്ചു പേരും ഒന്നിനൊന്ന് അഭിനയം മെച്ചമാക്കി. അവകാശികള്‍ ഒരുപട് ആയതോടെ പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്ന് തര്‍ക്കമായി അതിനിടയില്‍ പ്രദേശത്തെ ഹോമിയോ ഡോക്ടര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി. തുടര്‍ന്ന് ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയാരെന്നും കണ്ടെത്തി.
റാക്കാട് എടക്കരയില്‍ ബേബി എന്ന ആളുടേതായിരുന്നു പശു. ഇതോടെ വ്യാജ ഉടമകള്‍ മുങ്ങി. പ്രളയത്തെ തുടര്‍ന്ന് ബേബിയുടെ വീട്ടിലും തൊഴുത്തിലും വെള്ളം കയറിയിരുന്നു. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടയില്‍ പശുവിനെ അഴിച്ചു വിട്ടു. വെള്ളം കയറി സര്‍വതും തകര്‍ന്ന വീട്ടിലേക്കു ബേബി പശുവിനെ തിരികെ കൊണ്ടുപോയിട്ടില്ല.