പ്രളയകെടുതി അറിയിക്കാന്‍ ദുരന്ത മുഖത്ത് ചൈനീസ് മാധ്യമങ്ങളും; കേരളത്തിന്റെ ദുരിതം ലോകത്തിന് മുന്നിലേയ്ക്ക്…

കേരളത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്ന പ്രളയദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനീസ് മാധ്യമങ്ങളും എത്തി. ഡാമുകള്‍ തുറന്നുവിട്ടതു മൂലം എറണാകുളം, ഇടുക്കി ജില്ലകളിലുണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. പിന്നാലെ കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയത്തിന്റെ ഭീകര മുഖവും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയിരിക്കുന്നത്.

ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്‍(സിസിടിവി), ചൈന ബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്(സിജിടിഎന്‍) എന്നിവയുടെ റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെയുള്ളത്. സിസിടിവിയുടെ സീനിയര്‍ കറസ്പോണ്ടന്റ് ചെങ് വീയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആലുവ, ഏലൂര്‍ മേഖലകളിലെ പ്രളയ ദുരിതങ്ങളാണു പകര്‍ത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളക്കെട്ടിലായ വീടുകളും ദുരിതാശ്വാസ ക്യാംപുകളും സംഘം ക്യാമറയില്‍ പകര്‍ത്തി. ജില്ലയിലെ പ്രളയ ദുരിതങ്ങള്‍ സിസിടിവിയിലെ മലയാളി റിപ്പോര്‍ട്ടര്‍ സന്ദീപ് എസ്. ശ്രീലേഖയാണു ചെങ് വീയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുംബൈയിലെ സിസിടിവിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഇവരെത്തിയിട്ടുള്ളത്.

ദക്ഷിണേന്ത്യയും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തനമേഖല. കൊളംബോയിലെയും മറ്റും പ്രളയങ്ങള്‍ ചെങ് വീയും സംഘവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സിസിടിവി സംഘം ഏലൂര്‍, ആലുവ ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുകയാണ്. വെള്ളപ്പൊക്കം കേരളത്തില്‍ വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ചെങ് വീ പറഞ്ഞു.

വെള്ളപ്പൊക്ക ദുരിതം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ചെങ് വീ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പുരാതന കേരളവും ചൈനയും തമ്മിലുള്ള വ്യാപാരബന്ധങ്ങളും ചൈനീസ് വലയുമൊക്കെ ചെങ് വീ റിപ്പോര്‍ട്ടില്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്. ചെങ് വീയുടെ റിപ്പോര്‍ട്ടുകള്‍ സിജിടിഎനിന്റെയും സിസിടിവിയുടെയും ഫെയ്സ്ബുക് പേജില്‍ ലഭ്യമാണ്.

Top