അടിമാലി :വീടിനു ചുറ്റും ഉരുൾപൊട്ടലിൽ മണ്ണു വന്ന് മൂടിയപ്പോൾ വ്യത്യസ്ഥമായ കാഴ്ച്ച. 4 നിലകളിൽ പണിത വീടും കാറും സകലതും 10 അടിയോളം മുന്നോട്ട് നിരങ്ങി നീങ്ങി. ചെറിയ ഒരു ചെരിപോടെ വീട് തകരാതെ നിന്നു. എന്നാൽ പോർച്ചിലേ കാർ മണ്ണിനടിയിലായി.അടിമാലി അമ്പാട്ടുകുന്നേൽ കൃഷ്ണ ജ്വല്ലറി ഉടമ, പരേതനായ രാധാകൃഷ്ണന്റെ വീടാണ് തകർന്നു വീഴാതെ അതേപോലെ നിരങ്ങി നീങ്ങിയത്.
കൊച്ചി– ധനുഷ്കോടി ദേശീയപാതയോരത്ത് അടിമാലി ഗവ. ഹൈസ്കൂളിനു സമീപമാണ് പില്ലർ ഉൾപ്പെടെ നാലു നിലകളായുള്ള വീടു നിർമിച്ചിരുന്നത്.രണ്ടു നിലകളിലാണ് രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. ഒരു നില വാടകയ്ക്കും നല്കിയിരുന്നു. വീടിന്റെ രണ്ടുനിലകൾ മണ്ണിനു മുകളിൽ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻദുരന്തം ഒഴിവായി.അടിമാലി മന്നാങ്കാലായിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോൾ താമസിക്കുന്നത്. ഈ സ്ഥലത്തു വീടുനിർമാണത്തിന് ആളെ കിട്ടാതെ വന്നതോടെ കൊച്ചിയിൽനിന്നു വിദഗ്ധരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്നു നാട്ടുകാർ പറയുന്നു.