
പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെ ആണിത്. ഇതോടെ കേന്ദ്രത്തില്‍ നിന്ന് പ്രളയക്കെടുതി നേരിടുന്നതിന് ആകെ ലഭിച്ച തുക 3100 കോടി രൂപയായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണ് ഇത്. ഔദ്യോഗിക പ്രഖ്യാപനം മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കേരളത്തിലുണ്ടായ പ്രളയം.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വേണ്ട രീതിയില്‍ പരിഗണന നല്‍കിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോർട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.