തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത. കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചവരെ കനത്ത മഴക്കും ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ ബുധനാഴ്ച റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിക്കുന്നത്.
മധ്യ കേരളത്തിലാണ് മഴക്കെടുതി കൂടുതല്‍. വീടുകളിലും കടകളിലുമടക്കം വെള്ളം നിറഞ്ഞ അവസ്ഥയാണുള്ളത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. 21 വരെ മഴ തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും ശക്തമാവുകയായിരുന്നു. 41,207 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു.
എം.ജി. സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മലയോരമേഖലയിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു
റോഡുകളില്‍ വെള്ളക്കെട്ടായതോടെ പലയിടത്തും ബസ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. റെയില്‍വേ പാലങ്ങള്‍ക്കു താഴെ അപകടകരമായ രേഖയ്ക്കു മുകളിലേക്ക് മീനച്ചിലാറ്റിലെ വെള്ളം കയറിയതോടെ കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. പലയിടത്തും റോഡിലേക്കും റെയില്‍ പാളത്തിലേക്കും മരങ്ങള്‍ കടപുഴകി വീണതും ഗതാഗതത്തെ തടസ്സപ്പെടുത്തി.
കോട്ടയം മുളക്കുളം കാരിക്കോട് ഐക്കരക്കുഴിയില്‍ അലന്‍ ജിനു (14), കോരുത്തോട് അമ്പലവീട്ടില്‍ ദീപു (34), ആലപ്പുഴ ചെന്നിത്തല ഇരമത്തൂര്‍ തൂവന്‍തറയില്‍ ബാബു (62), മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണന്‍ (62), കൊല്ലം തേവലക്കര കോയിവിള തെക്ക് തുപ്പാശേരി പടിഞ്ഞാറ്റതില്‍ (തെക്കേവിള) തോമസ് പത്രോസ് (46), മലപ്പുറം വലിയ പറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണന്‍ (മാനു-73) എന്നിവരാണു ചൊവ്വാഴ്ച മരിച്ചത്. തേഞ്ഞിപ്പലത്തു കടലുണ്ടിപ്പുഴയില്‍ കാണാതായ ഏഴു വയസ്സുകാരന്‍ മുഹമ്മദ് റബീഹിന്റെ മൃതദേഹവും കണ്ടെത്തി.
ആലപ്പുഴയില്‍ പുഞ്ചയിലെ വെള്ളത്തില്‍ താറാവിന്‍പറ്റത്തെ തെളിക്കുമ്പോള്‍ ഫൈബര്‍ വള്ളം മറിഞ്ഞാണ് ബാബു മരിച്ചത്. മാവേലിക്കരയില്‍ രാമകൃഷ്ണന്‍ വെള്ളക്കെട്ടില്‍ വീണു മരിക്കുകയായിരുന്നു. കോട്ടയത്തു വെള്ളക്കെട്ടില്‍ വീണാണ് അലന്റെ മരണം. മലപ്പുറത്ത് നാരായണന്‍ മരിച്ചത് പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേറ്റ്. കോട്ടയം മുണ്ടക്കയത്തുനിന്നു തിങ്കളാഴ്ച കാണാതായ ദീപുവിന്റെ മൃതദേഹം അഴുതയാറ്റില്‍ നിന്നു കണ്ടെത്തുകയായിരുന്നു. കൊച്ചിയില്‍ രാത്രി കനത്ത മഴയിലും കാറ്റിലും തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തൈക്കുടത്തു വാടകയ്ക്കു താമസിക്കുന്ന വൈപ്പിന്‍ സ്വദേശി കുട്ടന്‍ എന്ന സുബ്രഹ്മണ്യനെ(55)യാണു കാണാതായത്. ഇദ്ദേഹത്തിനായി തിരച്ചില്‍ ശക്തമാക്കി.
മഴ ശക്തമാകാന്‍ തുടങ്ങിയ മേയ് 29നുശേഷം 87 പേര്‍ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. 8863.9 ഹെക്ടറില്‍ കൃഷിനശിച്ചു. കനത്തമഴപെയ്ത തിങ്കളാഴ്ചമാത്രം 686.2 ഹെക്ടറിലെ കൃഷിനശിച്ചു. 310 വീടുകള്‍ പൂര്‍ണമായി നശിച്ചു. 8333 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍നിന്നു 2375.52 അടിയായി ഉയര്‍ന്നു. ജൂലൈയിലെ റെക്കോര്‍ഡാണിത്.