
കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് ലഭിച്ചത് 750 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ മൂല്യമുള്ള വൈദ്യുതി ഇടപാടാണു വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. ഇതില്‍ 750 കോടി രൂപയുടെ ലാഭം ഈ മഴ മൂലം ലഭിക്കും. ഒരു വര്‍ഷത്തേക്കു കേരളത്തിന് ആവശ്യം 25,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍നിന്നു ലഭിക്കുന്നത് 6000 ദശലക്ഷം യൂണിറ്റ് മാത്രം. അതേസമയം, മഴമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ദിവസം ശരാശരി 65 ദശലക്ഷം യൂണിറ്റായി താഴ്ന്നു. വേനല്‍ക്കാലത്തു ദിവസം ഇതു ശരാശരി 80 ദശലക്ഷം യൂണിറ്റാണ്.
12800 കോടി രൂപ ചെലവഴിച്ച ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം 800 കോടിയോളം കമ്മിയായിയിരുന്നു. എന്നാല്‍ ഇക്കുറി അതിവര്‍ഷം ലഭിച്ചതോടെ ബോര്‍ഡിന്റെ കമ്മി നികത്തപ്പെട്ടേക്കുമെന്നാണ് കണക്കുകൂട്ടല്‍. യൂണിറ്റിനു ശരാശരി അഞ്ചു രൂപയാണു സംസ്ഥാനത്തു വൈദ്യുതി വില്‍ക്കുന്നതിലൂടെ ബോര്‍ഡിന് ലഭിക്കുന്നത്. 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അതിവര്‍ഷത്തില്‍ ലഭിച്ചു.
ഇതേ നിരക്കില്‍ 12,000 കോടി രൂപയുടെ വൈദ്യുതിയാണ് ബോര്‍ഡ് വില്‍ക്കുന്നത്. എന്നാല്‍, ഈ മഴമൂലം ഉല്‍പാദിപ്പിക്കാവുന്ന അധിക വൈദ്യുതി ആകെയുള്ള കേരളത്തിന്റെ ഉപയോഗത്തിന്റെ ആറു ശതമാനം മാത്രം. നല്ല മഴ ലഭിച്ചാലും വെള്ളം സംഭരിച്ചു വൈദ്യുതിയാക്കാനുള്ള വൈദ്യുതനിലയങ്ങള്‍ കേരളത്തിനില്ല. ഇടുക്കിയും ശബരിഗിരിയും ഒഴിച്ചാല്‍ ബാക്കിയുള്ള 22 അണക്കെട്ടുകളിലും ചെറിയ തോതിലുള്ള ഉല്‍പാദനമാണു നടക്കുന്നത്.