കൊച്ചി:പ്രളയത്തെത്തുടര്‍ന്ന് ട്രെയിന്‍- ബസ് റോഡ് ഗതാഗതം നിലച്ചു. ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം- തൃശൂര്‍ റൂട്ടില്‍ ഗതാഗതം നിലച്ചു. പെരിയാറിന് കുറുകെ ആലുവ റെയില്‍വേ പാലത്തിലൂടെ ഗതാഗതം സാധ്യമല്ലാത്തതും ട്രെയിന്‍ ഗതാഗതം നിലക്കാന്‍ കാരണമായി. ഇടുക്കി, ഇടമലയാര്‍, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളില്‍ നിന്ന് അധികജലം ഒഴുക്കിവിട്ടതോടെ പെരിയാര്‍ നിറഞ്ഞു കവിഞ്ഞതും പെരിയാറിലേക്കുള്ള ഇടതോടുകളില്‍ വെള്ളം ഉയര്‍ന്നതും എം.സി.റോഡിലും അങ്കമാലി എറണാകുളം നാഷണല്‍ ഹൈവേയിലും കണ്ടൈനര്‍ റോഡിലും എറണാകുളം കൊടുങ്ങല്ലൂര്‍ NH 17 ലും ആലുവ-മൂന്നാര്‍ റോഡിലും എല്ലാ ഇടറോഡുകളിലും വെള്ളം കയറി റോഡ് ഗതാഗതം നിലക്കാന്‍ കാരണമായി.
എം.സി.റോഡില്‍ കാലടി ഒക്കല്‍ ഭാഗത്ത് വെള്ളം കയറിയതോടെ പെരുമ്പാവൂര്‍-അങ്കമാലി റോഡില്‍ ഗതാഗതം നിലച്ചു. ആലുവ-എറണാകുളം നാഷണല്‍ ഹൈവേയില്‍ കമ്പനിപ്പടി ഭാഗത്ത് റോഡ് പുഴയായി മാറിയതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.കൊച്ചി മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതോടെ മെട്രോ സര്‍വ്വീസും നിലച്ചു. ആലുവയില്‍ ഓരോ നിമിഷവും വെള്ളം കുതിച്ചുയരുന്ന അവസ്ഥയാണ്. തോട്ടു മുഖത്ത് വെള്ളം കയറിയതോടെ ആലുവ- മൂന്നാര്‍ റോഡില്‍ ഗതാഗതം നിലച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ കോതമംഗലം നഗരത്തില്‍ വെള്ളം കയറിയതോടെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. മൂന്നാര്‍ റോഡില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഗതാഗതം നിലക്കാന്‍ ഇടയാക്കി. കോട്ടയം-കുമളി റോഡിലും കുമളി-മൂന്നാര്‍ റോഡിലും തൊടുപുഴ-കട്ടപ്പന റോഡിലും വാഗമണ്‍-തൊടുപുഴ റോഡിലും ഗതാഗതം നിലച്ചു.
മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നു വിട്ടതോടെ വണ്ടിപ്പെരിയാര്‍ മുതല്‍ ചപ്പാത്ത് വരെ പെരിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മൂവാറ്റുപുഴ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ കൊച്ചി ധനുഷ് കോടി ഹൈവേയിലെ ഗതാഗതവും മുടങ്ങി. റാന്നി, കോഴഞ്ചേരി ,ആറന്മുള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.കോഴിക്കോട്-വയനാട് റോഡും നെല്ലിയാമ്പതി റോഡും അട്ടപ്പാടി റോഡും ഗതാഗതം നിലച്ച നിലയിലാണ്.