മഴക്കെടുതിയും പ്രളയവും ബാങ്കിങ് മേഖലയെയും സാരമായി ബാധിച്ചു. സംസ്ഥാനത്തെ 324 ബാങ്ക് ശാഖകളും 423 എടിഎമ്മുകളും പ്രളയത്തില്‍ മുങ്ങി. എന്നാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) ചെയര്‍മാന്‍ ടിഎന്‍ മനോഹരന്‍ പറഞ്ഞു.
പല സ്ഥലങ്ങളിലും ബാങ്ക് ശാഖകള്‍ വെള്ളത്തിനടിയിലാണ്. ഇതിലെ ലോക്കറുകളുടെ ഉടമകളെ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഇവ തുറന്നു പരിശോധിച്ചാല്‍ മാത്രമേ നഷ്ടം സ്ഥിരീകരിക്കാനാവൂ. വെള്ളം കയറിയതില്‍ 153 ശാഖകള്‍ തുറന്നു. 82 എടിഎമ്മുകള്‍ മാത്രമാണ് തുറന്നത്. 352 എണ്ണം ഇനിയും തുറക്കാനുണ്ട്.
ആലപ്പുഴയില്‍ 36, എറണാകുളത്ത് 29, പത്തനംത്തിട്ട 67, തൃശൂര്‍ 19 ശാഖകള്‍ ഇനിയും തുറക്കാനുണ്ട്.
അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം സുരക്ഷിതമാണെന്ന് എസ്എല്‍ബിസി ചെയര്‍മാന്‍ അറിയിച്ചു. വെള്ളം കയറിയ ശാഖകള്‍ക്ക് 30 ദിവസത്തോളം താത്കാലിക കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സഞ്ചരിക്കുന്ന എടിഎമ്മുകള്‍ കൂടുതല്‍ ഏര്‍പ്പെടുത്തും. കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ ബാങ്കിലും എടിഎമ്മിലും ശേഖരിച്ച് വെക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രളയബാധിത മേഖലയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിലുള്ളവരുടെ വായ്പകള്‍ അഞ്ച് വര്‍ഷ കാലാവധി നല്‍കി പുനഃക്രമീകരിക്കാനും തീരുമാനമായി. തിരിച്ചടവ് സാവകാശത്തിനും വായ്പകളുടെ പുനഃക്രമീകരണത്തിനും അപേക്ഷ ഉടന്‍ നല്‍കണം. പുതിയ വായ്പകള്‍ക്ക് ഡിസംബര്‍ 31 നകം അപേക്ഷിക്കണം. കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് ആറു മാസവും ഭവന വായ്പകള്‍ക്ക് ഒരു വര്‍ഷം വരെയും തിരിച്ചടവില്‍ സാവകാശം നല്‍കും. ജൂലൈ 31 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.
വീടിന്റെ അറ്റക്കുറ്റപ്പണി, റീ ഫര്‍ണിഷിങ്, പുനഃനിര്‍മ്മാണം എന്നിവയ്ക്ക് പുതിയ വായ്പകള്‍ നല്‍കും. പ്രളയ മേഖലയില്‍ മൂന്ന് മാസത്തേക്ക് ജപ്തി നടപടികള്‍ ഒഴിവാക്കും. പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാം.
പ്രളയത്തില്‍ എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് ബാങ്ക് പാസ്ബുക്ക് അടിസ്ഥാന രേഖയായി പരിഗണിക്കും. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് ബാങ്ക് നല്‍കും.
പ്രളയത്തില്‍ നനഞ്ഞതും കീറിയതുമായ നോട്ടുകള്‍ എല്ലാ ബാങ്ക് ശാഖകളിലും കറന്‍സി ചെസ്റ്റുകളിലും മാറ്റി നല്‍കും. നഷ്ടപ്പെട്ടസ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പുതുക്കി നല്‍കാനും ഡൂപ്ലിക്കേറ്റ് പാസ് ബുക്കിനും ചെക്ക് ബുക്കിനും ഒക്ടോബര്‍ 31 വരെ ഫീസ് ഈടാക്കില്ല. ദുരിതവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജും മിനിമം ബാലന്‍സ് പിഴയും ബാധകമാവില്ല.