തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കരുത്തായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈൻ വഴി ഇപ്പോൾ ലഭിക്കുന്ന സംഭാവന മിനുട്ടിൽ 10 ലക്ഷം രൂപ. അതായത് ഒരു മണിക്കൂറിൽ ആറ് കോടി രൂപയാണ് ലഭ്യമാകുന്നത്. കേരളത്തെ പുനർനിർമിക്കാനുള്ള വലിയ ബാധ്യത സർക്കാരിന് മുന്നിലുള്ളപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സഹായം ഏറെ പ്രധാനപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. കൂടുതൽ സംഭാവനകൾ നൽകാൻ തയ്യാറായി മുന്നോട്ടുവരണമെന്നാണ് മുഖ്യമന്ത്രി ഇന്നും അഭ്യർഥിച്ചത്. ഇത്രയും വലിയൊരു ദുരന്തത്തെ മറികടക്കാൻ എത്ര കിട്ടിയാലും മതിയാകില്ലെന്നാണ് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചത്. തിങ്കളാഴ്ച രാത്രി ഏഴര വരെയുള്ള സമയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈൻ പേമെന്‍റ് ഗേറ്റ് വേ വഴി ലഭിച്ചത് 87 കോടി രൂപയാണ്. ഇതിന് പുറമെ എസ്ബിഐയുടെ സിഎംഡിആർഎഫ് അക്കൌണ്ടിൽ 165 കോടി രൂപയും ലഭിച്ചു. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാകുന്നത്.
കഴിഞ്ഞ ഏഴു ദിവസങ്ങളിലായി രണ്ടു ലക്ഷം പേർ ഈ സൌകര്യം ഉപയോഗപ്പെടുത്തി പണമടച്ചു. ഒരു മണിക്കൂറിൽ ശരാശരി 4532 പേരും മിനുട്ടിൽ ശരാശരി 75 പേരും വെബ്സൈറ്റ് വഴി പണമടയ്ക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ പേടിഎം വഴി 29 കോടി രൂപയും മറ്റ് യുപിഐകൾ വഴി രണ്ടുകോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.