ആലപ്പുഴ: പ്രളയം കനത്ത നാശം വിതച്ച കുട്ടനാട്ടിൽ പുനരധിവാസ ദൗത്യത്തിന് ഇന്നു തുടക്കമാകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒന്നരലക്ഷം പേരെ വീടുകളിലേക്കു വേഗം തിരികെയെത്തിക്കുകയെന്ന ലക്ഷ്യമിട്ട് എഴുപതിനായിരം പേരുടെ പങ്കാളിത്തത്തോടെയാണു ശുചീകരണം ആരംഭിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ഏറ്റവും വലിയ ശുചീകരണ യജ്ഞമാണിത് എന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ പുനരധിവാസത്തിനാണ് കുട്ടനാട് ഒരുങ്ങുന്നത്. പങ്കാളികളാകുന്നത് മുക്കാൽ ലക്ഷത്തിൽ അധികം ആളുകൾ. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന 50000 പേർക്കൊപ്പം കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരും അത്രത്തോളം പേർ ജില്ലയ്ക്ക് പുറത്ത് നിന്നും പുനരധിവാസ ദൗത്യത്തിൽ പങ്കാളികളാകും.
വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ളവർ ഓരോ വാർഡിലുമുണ്ടാകും. ശുചീകരണത്തെക്കുറിച്ച് ആലോചിക്കാൻ ക്യാംപുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ശുചീകരണത്തിന് മുന്നോടിയായി പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചുതുടങ്ങി. തായ് ലന്‍ഡില്‍ ഗുഹയില്‍ വെള്ളം കയറി കുട്ടികള്‍ അകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടര്‍ പമ്പുകളുപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വാസയോഗ്യമാക്കിയ വീടുകളിലേക്കു കുട്ടനാട്ടുകാരെ മുഴുവൻ തിരികെയെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.