
കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും. 10 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നെങ്കിലും ഇന്ന് ഇവ സര്‍വീസ് നടത്താനാണു സാധ്യത. മഴ ശക്തമാകുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരികയും ചെയ്താല്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.
എറണാകുളം ജംക്ഷന്‍ സ്റ്റേഷനിലെ തകരാറിലായ സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. പാലങ്ങളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് കോട്ടയം ജില്ലയില്‍ മൂന്നു കിലോമീറ്റര്‍ ദൂരം ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. ഇക്കാരണത്താല്‍ ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വൈകിയാണു ട്രെയിനുകളോടിയത്. മീനച്ചിലാറിനു കുറുകെയുള്ള പാലത്തില്‍ 45 കിലോമീറ്ററായി വേഗം നിജപ്പെടുത്തി മറ്റു പാലങ്ങളിലെ വേഗനിയന്ത്രണമാണ് പിന്‍വലിച്ചത്.
കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി ട്രാക്കില്‍ വീഴുന്നത് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും മരം മുറിക്കാന്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ റെയില്‍വേ ജീവനക്കാരെ തടയുന്ന സ്ഥിതിയുണ്ട്. ഇതുമൂലം പല സെക്ഷനുകളിലും നേരത്തേ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ച മരങ്ങള്‍ പലതും മുറിച്ചിട്ടില്ല. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
മരങ്ങള്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണെങ്കില്‍ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാറുണ്ടെങ്കിലും സ്ഥല ഉടമകള്‍ അതു കാര്യമായി എടുക്കാറില്ല. യാത്രക്കാരുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്തികള്‍ തയാറാകണമെന്നാണ് റെയില്‍വേ അഭ്യര്‍ഥന.