സംഹാരതാണ്ഡവമാടി മഴ,പലയിടത്തും വെള്ളപ്പൊക്കം,2 മരണം; വയനാട്ടില്‍ ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍. വന്‍ നാശനഷ്ടം

കൊച്ചി:സംസ്ഥാനത്തെങ്ങും കനത്ത മഴ.സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വീണ്ടും പ്രളയഭീതിയിലാണ് കേരളം. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂർ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിൽ
ബാബുവിന്റെ ഭാര്യ മുത്തു (24) എന്നിവരാണു മരിച്ചത്. അട്ടപ്പാടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കെട്ടിടം മഴയിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു.

പല ജില്ലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിലമ്പൂര്‍ ഭാഗം വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. കെട്ടിടങ്ങളുടെ എല്ലാം ആദ്യ നില ഏകദേശം വെള്ളത്തിനടിയിലായി. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പല വീടുകളും വെള്ളത്തില്‍ മുങ്ങി.

കനത്തമഴയെ തുടര്‍ന്നുണ്ടായ ചുഴലിക്കാറ്റില്‍ കേളകം ?േകണിച്ചാര്‍ ടൗണിലെ സ്‌കൂളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളി??െന്റ മേല്‍ക്കൂരയാണ് തകര്‍ന്നത്. മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി.

കടകള്‍ തുറക്കുന്ന സമയത്തിന് മുമ്പ് ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടൗണിലെ 25 ഓളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. ബഹുനില കെട്ടിടങ്ങളുടെ ഷീറ്റിട്ട മേല്‍ക്കൂരകള്‍ കാറ്റില്‍ തകര്‍ന്നു. ടൗണിലെ ബില്‍ഡക്‌സ്, യൂനിറ്റി സ്റ്റോര്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ക്കൂര കാറ്റെടുത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ചുഴലിക്കാറ്റില്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാര സംഘടനാ നേതാക്കള്‍ അറിയിച്ചു. മേഖലയില്‍ നിരവധി കര്‍ഷകരുടെ കൃഷികള്‍ കാറ്റില്‍ നശിച്ചു.

മരങ്ങള്‍ ഒടിഞ്ഞ് വീണ് പോസ്റ്റുകള്‍ മറിഞ്ഞ് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും താറുമാറായി.

കൊട്ടിയൂര്‍ – ബോയിസ് ടൗണ്‍ റോഡില്‍ പാല്‍ച്ചുരം ചുരത്തില്‍ കനത്ത മണ്ണിടിച്ചില്‍ തുടരുന്നു. ഇതുവഴിയുള്ളവാഹന ഗതാഗതം പൂര്‍ണ്ണമായി തടസ്സപെട്ടു. ചെകുത്താന്‍ തോടിന് സമീപമാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് . കല്ലും, മണ്ണും മരങ്ങളും വീണ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. നെടുംപൊയില്‍ – പേര്യ മാനന്തവാടി വഴി ഗതാഗതം തിരിച്ചുവിട്ടു

വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിനടിയിലായി. പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറി. ജില്ലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി.

വയനാട്ടില്‍ പനമരത്ത് വെള്ളം കയറിയ വീട്ടില്‍നിന്നു സുരക്ഷിതകേന്ദ്രത്തിലേക്കു മാറുന്നതിനിടെയാണു യുവതി കുഴഞ്ഞുവീണത്. പുലര്‍ച്ചെ നാലരയോടെയാണു സംഭവം. മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ കാക്കത്തോട് കോളനിയിലേക്കുള്ള റോഡിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറിയപ്പോഴാണു കോളനിവാസികള്‍ വീടൊഴിഞ്ഞത്. കുഴഞ്ഞുവീണ മുത്തുവിനെ രക്ഷാപ്രവര്‍ത്തകര്‍ പനമരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര്‍ ക്യാംപുകളില്‍. മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. വയനാട് ചുരത്തില്‍ മരംവീണും ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയും ഗതാഗത തടസ്സപ്പെട്ടു. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. മഴയ്ക്ക് അകമ്പടിയായി ശക്തിയായ കാറ്റുമുണ്ട്.

Top