പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി..!! ജനപക്ഷം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി വിട്ടു

ബിജെപി ബാന്ധവം പിസി ജോര്‍ജിന് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. മുന്നണി പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയിലെത്തിയ പൂഞ്ഞാര്‍ സിംഹത്തിന്റെ സടയെല്ലാം കൊഴിയുകയാണെന്നാണ് മണ്ഡലത്തില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അവസാനത്തേതാണ് ജനപക്ഷം നേതാവായ പ്രസാദ് തോമസ് ജനപക്ഷത്തില്‍ നിന്നും പുറത്ത് പോയത്.

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും ജനപക്ഷം നേതാവുമായ പ്രസാദ് തോമസ് ജനപക്ഷം ബന്ധമവസാനിപ്പിച്ചു. യു.ഡി.എഫിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഇനി പ്രസാദിന്റെ തീരുമാനം. പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്ത് ഭരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ജനപക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജനപക്ഷത്തിലെ ലീന ജോര്‍ജും ജനപക്ഷ അംഗവും യു.ഡി.എഫിനോടൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെ അവിടെയും ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതിനിടെയാണ് പൂഞ്ഞാര്‍ പ്രസിഡന്റായ പ്രസാദ് തോമസും ജനപക്ഷം വിടാന്‍ തീരുമാനിച്ചത്.

ഇതോടെ സ്വന്തം നിയോജക മണ്ഡലമായ പൂഞ്ഞാറില്‍ ഒരു പഞ്ചായത്തിലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറി. സ്വതന്ത്ര അംഗമായാണ് പ്രസാദ് തോമസ് വിജയിച്ചത്. ഇതിനാല്‍ പ്രസാദ് തോമസിനെതിരെ അയോഗ്യപ്പെടുത്താനായി പരാതി നല്‍കാനും ജനപക്ഷത്തിന് സാധിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം എന്‍.ഡിഎ മുന്നണിയെ പിന്തുണച്ചിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായി മുന്നോട്ട് പോവാനുള്ള ജനപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി വിടുന്നത്.

Top