രണ്ട് അന്തരീക്ഷച്ചുഴികള്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 27 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയില്‍ ശക്തമായ മാറ്റം പ്രതീക്ഷിച്ച് കാലാവസ്ഥാ വകുപ്പ്. കര്‍ണാടകതീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി.

ഇതിനുപുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരിവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്കു സാധ്യത. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പാണിത്. ഇതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച സംസ്ഥാനത്ത് പലേടത്തും മഴ പെയ്തു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥാ സാഹചര്യങ്ങള്‍ രൂക്ഷമാകുമ്പോള്‍ നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണ് യെല്ലോ. ഓറഞ്ച്, റെഡ് അലര്‍ട്ടാണ് ഇനിയുള്ളത്. നാശനഷ്ടങ്ങള്‍ക്കു സാധ്യതയുള്ള കനത്തമഴയെ നേരിടാനുള്ള ജാഗ്രതയ്ക്കുവേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ ക്യാമ്പുകള്‍ സജ്ജമാക്കുക. റവന്യൂ പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുക മഴതോര്‍ന്ന് 24 മണിക്കൂര്‍വരെയെങ്കിലും പാറമടകളില്‍ പാറപൊട്ടിക്കുന്നത് നിര്‍ത്തിവെക്കുക. വിനോദസഞ്ചാരികള്‍ നദികളില്‍ ഇറങ്ങരുത്. തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും.

Top