വെള്ളപ്പൊക്കത്തില്‍ ചെളിനിറഞ്ഞ അമ്പലം വൃത്തിയാക്കി മുസ്ലിം യുവാക്കള്‍…  

കേരളത്തിലെ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും ശേഷം ഏറ്റവുമധികം ചര്‍ച്ചയായത് മലയാളികളുടെ കൂട്ടായ്മയും രക്ഷാപ്രവര്‍ത്തനവുമാണ്. പാലക്കാടും കോഴിക്കോടുമുള്ള മുസ്ലിം യുവാക്കളാണ് ഇപ്പോള്‍ എങ്ങും നിറഞ്ഞ് നില്‍ക്കുന്നത്. മുക്കത്തും വയനാട്ടിലുമുള്ള അമ്പലങ്ങള്‍ വൃത്തിയാക്കിയാണ് ഇവര്‍ മാതൃകയായിരിക്കുന്നത്.

പതിനെട്ടുപേരടങ്ങുന്ന മുസ്ലിം യുവാക്കളാണ് വയനാട് വെണ്ണിയോടുള്ള മഹാവിഷ്ണുക്ഷേത്രം വൃത്തിയാക്കിയത്. വെണ്ണിയോട് പുഴയില്‍നിന്നും അമ്പലത്തിലും സമീപപ്രദേശത്തെ വീടുകളിലും വെള്ളവും ചെളിയും കയറിയിരുന്നു. മുട്ടോളം ചെളിയില്‍നിന്നായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും വയനാട്ടില്‍ എത്തിയതാണ് ഇവര്‍. വെണ്ണിയോടിലെ 50 വീടുകള്‍ ഇവര്‍ വൃത്തിയാക്കി. തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അമ്പലവും വൃത്തിയാക്കിയത്. മുസ്ലിങ്ങള്‍ അമ്പലത്തില്‍ കയറുന്നതില്‍ പ്രശ്‌നമില്ലെങ്കില്‍ വൃത്തിയാക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് അമ്പലക്കമ്മറ്റിക്കാരെ അറിയിച്ചു. പൂര്‍ണസമ്മതമാണെന്ന് അമ്പലം ഭാരവാഹികളും പറഞ്ഞു.

യുവാക്കള്‍ അമ്പലത്തിന്റെ ശ്രീകോവില്‍ ഒഴികെയുള്ള ഭാഗങ്ങളെല്ലാം വൃത്തിയാക്കിയെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇതെന്നും അമ്പലക്കമ്മറ്റി ഭാരവാഹികളും പറഞ്ഞു.

പാലക്കാടുള്ള സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ ഇരുപതുപേരടങ്ങുന്ന സംഘമാണ് മണ്ണാര്‍ക്കാട് അയ്യപ്പ ക്ഷേത്രം വൃത്തിയാക്കിയത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട ക്ഷേത്രമാണ് ഇവര്‍ വൃത്തിയാക്കിയത്. നാലുമണിക്കൂറുകൊണ്ടാണ് ചുറ്റമ്പലും പരിസരവും വൃത്തിയാക്കിയെന്ന് അമ്പലക്കമ്മറ്റി സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അമ്പലത്തിന്റെ പ്രധാന ഭാഗങ്ങളടക്കം തകര്‍ന്നിരുന്നു. ജാതി-മത വിവേചനങ്ങളെ അതിജീവിച്ച് ഒരുമിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് എല്ലാവരെയും മനസിലാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top