ആറ്റിങ്ങല്‍: കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംബര്‍ ജേതാവിനെ തിരിച്ചറിഞ്ഞു. റിട്ട. ഹെഡ്മാസ്റ്ററായ ആറ്റിങ്ങല്‍ അവനഞ്ചേരി എകെജി നഗര്‍ ഷെറില്‍ വില്ലയില്‍ എം. റസലുദ്ദീന്‍(70) ആണ് നാലു കോടി രൂപയുടെ ഭാഗ്യത്തിന് അര്‍ഹനായിരിക്കുന്നത്. എസ്ബി 215845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്.
ആറ്റിങ്ങല്‍ അമര്‍ ആശുപത്രി റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന ചിറയില്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറില്‍നിന്നുമാണ് ടിക്കറ്റ് എടുത്തത്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകടയിലുള്ള കേന്ദ്രത്തില്‍നിന്ന് ടിക്കറ്റെടുത്താണ് ശശികുമാര്‍ കച്ചവടം നടത്തുന്ത്.
24നായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ആര്‍ക്കാണ് സമ്മാനം ലഭിച്ചതെന്നു മാത്രം വ്യക്തമായിരുന്നില്ല. എല്ലാവരും ഭാഗ്യവാനെ തെരക്കി നടന്നപ്പോള്‍ റസലുദ്ദീന്‍ ഒന്നാം സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിച്ചില്ല.
ടിക്കറ്റ് വെള്ളിയാഴ്ച കാനറ ബാങ്കിന്റെ ആറ്റിങ്ങല്‍ ശാഖയില്‍ ഏല്‍പ്പിച്ചു. വൈകിട്ട് നടപടികള്‍ പൂര്‍ത്തിയായശേഷം ബാങ്ക് മാനേജര്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ വിവരം അറിയിച്ചപ്പോഴാണ് ഭാഗ്യവാനെ പുറം ലോകം അറിഞ്ഞത്.
വെണ്‍പകല്‍ ഗവ. എല്‍പി സ്‌കൂളില്‍നിന്ന് 2001ലാണ് റസലുദ്ദീന്‍ വിരമിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. വല്ലപ്പോഴും എടുക്കുന്ന ലോട്ടറികളില്‍ 500 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാത്രമാണ് റസലുദ്ദീന്റെ ഉപജീവനമാര്‍ഗം. മകളുടെ വിവാഹം നടത്തിയതിലുള്ള കടം വീട്ടാന്‍ ലോട്ടറി തുക ഉപയോഗിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഷാനിഫയാണ് റസലുദ്ദീന്റെ ഭാര്യ. മകന്‍ ഷെറില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മകള്‍ സിമി.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന് ഏജന്‍സി കമ്മീഷനായി 40 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നികുതി അടച്ചശേഷമുള്ള തുക ടിക്കറ്റ് വിറ്റ ശശികുമാറിന് നല്കും.