കോട്ടയം:വധുവിന്‍റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് അന്തിമറിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല. അഞ്ചു പേർകൂടി പോലീസിന്‍റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കണ്ടെത്തലിനെ കുറിച്ച് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടും.
കേസിൽ കൃത്യമായ വിവരം നൽകുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും വീഴ്ചപറ്റിയെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തി. കുടുംബപ്രശ്നം മാത്രമാണെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടാണ് എസ്പി മുഖ്യമന്ത്രിക്ക് നൽകിയത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്റെ കണ്ടെത്തൽ.
നീനുവിന്റെ അമ്മ രഹ്നയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും.രഹ്നയാണു കെവിനെ കൊന്നു കളയാൻ മകൻ ഷാനുവിനോട് പറഞ്ഞതെന്നാണ് അനീഷിന്‍റെ മൊഴി. മാത്രമല്ല സംഭവത്തിനു തലേന്ന് മാന്നാനത്ത് എത്തി അനീഷിന്‍റെ വീടും മറ്റം കണ്ടെത്തി എല്ലാവിധ തയാറെടുപ്പുകളും നടത്താൻ രഹ്നയാണു മുന്നിട്ടു നിന്നിരുന്നത്. അതിനാൽ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
കേസിലെ പ്രതികളെ എല്ലാവരെയും ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. പുലർച്ചെ, അതായത് സംഭവം നടന്ന ദിവസത്തെ അതേസമയത്ത് തെളിവെടുപ്പിനു കൊണ്ടുപോകാനാണു തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്നു കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണു സംഭവിച്ചതെന്ന് വ്യക്തത വരുത്താനാണു നീക്കം.
അതേസമയം പ്രതി ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം അനുവദിച്ചു. കൈക്കൂലി വാങ്ങിയതിന് മതിയായ തെളിവുകളോ , ഷാനുവിന്‍റെ മൊഴിയോ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച രാവിലെ കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം കുടുംബപ്രശ്നം മാത്രമാണെന്നായിരുന്നു എസ് പി മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്, കേസിന്റെ ഗൗരവം മനസിലാക്കാത്തതിനായിരുന്നു എസ്പിക്ക് സ്ഥലം മാറ്റം നൽകിയത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന്റെയും സ്റ്റേഷനിൽ നിന്നുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണിതെന്നാണ് പ്രത്യേകഅന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തട്ടിക്കൊണ്ട് പോയവരിൽ ഒരാൾ രക്ഷപ്പെട്ടോടിയെന്നും മറ്റൊരാൾ ഇപ്പോൾ കോട്ടയത്തെത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്രെ കണ്ടെത്തൽ. ഗാന്ധിനഗർ പൊലീസിന് മാത്രമല്ല മറ്റ് വിഭാഗങ്ങളും കേസിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിച്ചില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.കുറ്റകൃത്യത്തിൽ നേരിട്ടിടപെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ തെളിവെടുപ്പ് ഒരുമിച്ച് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
Kevin drowned says autopsy report