ചാക്കോയെ കൂവി വിളിച്ച് നാട്ടുകാർ; നീനുവിനെ പുറത്ത് ഇറക്കാനുള്ള ചാക്കോയുടെ തന്ത്രം പൊളിഞ്ഞു…

കഴിഞ്ഞ ദിവസമാണ് മകള്‍ നീനുവിനും ഭാര്യ രഹനയ്ക്കും മാനസിക രോഗമാണെന്ന് കാട്ടി ചാക്കോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നീനു തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും ചാക്കോ പറഞ്ഞു. തുടര്‍ ചികിത്സ നല്‍കുന്നതിന് വേണ്ടി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കണം എന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു.

നീനുവിനും രഹനയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട ചാക്കോ അതെടുക്കാന്‍ തെന്മലയിലെ വീട് തുറക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തില്‍ വീട് തുറന്ന് രേഖകള്‍ എടുക്കാന്‍ ഏറ്റുമാനൂര്‍ കോടതി ചാക്കോയ്ക്ക് അനുമതി നല്‍കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് ചാക്കോയെയും കൊണ്ട് പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് പോലീസ് സംഘം എത്തിയത്. നാല് മണിയോടെയാണ് തെന്മല ഒറ്റക്കല്ലിലെ വീട്ടിലേക്ക് ചാക്കോയും അഭിഭാഷകനും പോലീസുകാരും അടങ്ങുന്ന സംഘമെത്തിയത്. വീട് മുഴുവന്‍ പോലീസുകാര്‍ അരിച്ച് പെറുക്കി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം പരിശോധന നീണ്ടു. എന്നാല്‍ വീട്ടില്‍ നിന്ന് ചികിത്സാ രേഖ കണ്ടെത്താന്‍ സാധിച്ചില്ല.
ഹൃദ്രോഗിയാണ് എന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ രേഖകളും വീട്ടില്‍ നിന്ന് ലഭിച്ചില്ല. ഇതോടെ പോലീസ് സംഘം ചാക്കോയുമൊത്ത് മടങ്ങി. വീട്ടില്‍ നിന്നും രേഖ ലഭിക്കാത്ത സ്ഥിതിക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും രേഖകള്‍ സംഘടിപ്പിക്കാനാണ് ചാക്കോയുടെ നീക്കം. ആശുപത്രിയില്‍ നിന്നും ചികിത്സാ രേഖകള്‍ വാങ്ങി കോടതിയില്‍ എത്തിക്കുമെന്ന് ചാക്കോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ രേഖകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നും അവ അപ്രത്യക്ഷമായതായും ചാക്കോയുടെ അഭിഭാഷകന്‍ പറഞ്ഞു. ചാക്കോയെ വീട്ടില്‍ എത്തിക്കുന്ന വിവരം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയത്. ചാക്കോയെ ജീപ്പില്‍ നിന്നും പുറത്തേക്ക് ഇറക്കിയതും നാട്ടുകാര്‍ കൂവി വിളിക്കുകയായിരുന്നു. അത് മാത്രമല്ല നീനുവിന് മാനസിക രോഗമാണ് എന്ന വാദത്തെ ഇവിടുത്തെ അയല്‍ക്കാരും പ്രദേശവാസികളും തള്ളിക്കളയുകയും ചെയ്യുന്നു. ഈ വിഷയത്തെച്ചൊല്ലി സ്ഥലത്ത് എത്തിയ ചാക്കോയുടെ ബന്ധുക്കളും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ പോലീസ് ഇടപെട്ട് നാട്ടുകാരെ മാറ്റുകയായിരുന്നു. കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തെന്മലയിലെ വീട്ടില്‍ ഒരു തവണ പോലീസ് പരിശോധന നടത്തിയിരുന്നതാണ്. തനിക്ക് മാനസിക രോഗമുണ്ടെന്ന വാദത്തെ നീനുവും തള്ളിക്കളഞ്ഞിരുന്നു. മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടത് എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും നീനു പ്രതികരിക്കുകയുണ്ടായി.

Top