കോട്ടയം: മൂന്നു വര്‍ഷമായി നീനുവുമായി ബന്ധം ഉണ്ടായിരുന്നുവെങ്കിലും എല്ലാം പങ്കുവെയ്ക്കുന്ന അമ്മ മേരിയോട് വാവച്ചന്‍ ഇതുമാത്രം പറഞ്ഞില്ല. വീട്ടില്‍ അറിയിക്കാതെയാണ് ഇവരുടെ സ്വന്തം വാവച്ചന്‍ നീനുവിനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്നത്. വാവച്ചന്‍ എന്നാണ് കെവിനെ വീട്ടുകാര്‍ വിളിച്ചിരുന്നത്.കഴിഞ്ഞ 19 നാണ് കെവിന്‍ അവസാനമായി വീട്ടിലെത്തിയത്. ജോലി കഴിഞ്ഞു വിശക്കുന്നു എന്നു പറഞ്ഞാണ് ഓടിയെത്തിയത്. അന്ന് വിളമ്പി കൊടുത്തതാണ് ഈ അമ്മ അവസാനമായി.. കരയാന്‍ കണ്ണീര്‍ പോലും ബാക്കിയില്ലാതെ അമ്മ പറയുന്നു.
മകന്റെ ഈ ബന്ധത്തെപ്പറ്റി അഞറിഞ്ഞിരുന്നുവെങ്കില്‍ എന്തെങ്കിലും പറഞ്ഞ് പിന്തിരിപ്പിച്ചേനെ എന്ന് അമ്മ പറയുന്നു. വെള്ളിയാഴ്ച കെവിനും ഒരു പെണ്‍കുട്ടിയും പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുന്നു എന്ന വിവരം അറിഞ്ഞ് അവിടെ എത്തിയപ്പോളാണ് ഇങ്ങനെ ഒരു കാര്യം ഈ വീട്ടുകാര്‍ അറിയുന്നത്. കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു പറഞ്ഞതോടെ സ്വന്തം മകളായി തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമായിരുന്നു ഇവര്‍.
കെവിനെ തട്ടിക്കൊണ്ടുപോയ രാത്രി മുഴുവനും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന നീനുവിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു പോലും അറിയില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. അവര്‍ ഉപദ്രവിക്കില്ല, വിട്ടയയ്ക്കും എന്നു തന്നെ നീനു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ ഉറക്കമൊഴിച്ച് നീനു കെവിനായി കാത്തിരുന്നു ആ ദുരന്തവാര്‍ത്ത എത്തും വരെ..