സേലം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായി ദുരൂഹമരണങ്ങള്‍. കേസിലെ ഒന്നാം പ്രതി കനകരാജും, രണ്ടാം പ്രതി കെ.വി. സയന്റെ ഭാര്യയും മകളും വ്യത്യസ്ത അപകടങ്ങളില്‍ കൊല്ലപ്പെട്ടു. എസ്റ്റേറ്റ് കാവല്‍ക്കാരനും നേപ്പാള്‍ സ്വദേശിയുമായ ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന ഇവരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്.
ഇതിനിടയില്‍ കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ പ്രതികളെ തമിഴ്‌നാട് പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചത് വിവാദമാകുന്നു. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും അന്ന് രാത്രി തന്നെ വിട്ടയച്ചു. ഒടുവില്‍ കേരളാ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചത്. ക്വട്ടേഷന്‍ സംഘം കേരളാ പൊലീസിന്റെ പിടിയാലായെന്ന് മനസ്സിലായതോടെയാണ് കനകരാജും സയനും രക്ഷപ്പെടാന്‍ ശ്രമിച്ചത്. സേലത്തുണ്ടായ വാഹനാപകടത്തില്‍ കനകരാജന്‍ കൊല്ലപ്പെട്ടു. സയന് പാലക്കാട് കണ്ണാടിയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൃശൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ മോഷണത്തിന് നിയോഗിച്ചത് ആരെന്ന് കനകരാജിന് മാത്രമേ വ്യക്തമായി അറിയൂ. അതുകൊണ്ട് കൂടിയാണ് കനകരാജിന്റെ മരണം ദുരുഹമാകുന്നത്. കണ്ണാടിയിലെ വാഹനാപകടത്തിലും സംശയങ്ങള്‍ ഏറെയാണ്.
ജയലളിതയുടെ 2000 കോടി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളുള്ള സ്യൂട്‌കെയ്‌സുകള്‍ കോടനാട് നിന്ന് നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റാര്‍ക്കോ വേണ്ടി ക്വട്ടേഷന്‍ സംഘം നടത്തിയതാണ് ഓപ്പറേഷന്‍ എന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയുടെ ആധാരവും നഷ്ടമായി. കൊല്ലപ്പെട്ട കനകരാജ് കോടനാട് എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനാണ്. 2012 വരെ കോടനാട് എസ്റ്റേറ്റിലായിരുന്നു ഇയാളുടെ ജോലി. അതുകൊണ്ട് തന്നെ എല്ലാം വ്യക്തമായി അറിയാവുന്ന ആരോ ആണ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് സൂചന. അണ്ണാ ഡിഎംകെയില്‍ ഒ പനീര്‍സെല്‍വം വിഭാഗവും മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഒരുമിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ശശികലയേയും ദിനകരനേയും പുറത്താക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെയാണ് കോടനാട്ടെ എസ്റ്റേറ്റില്‍ കവര്‍ച്ചാ ശ്രമവും മോഷണവും ഉണ്ടായത്.
ജയലളിതയുടെ മുന്‍ ഡ്രൈവറാണ് കനകരാജ്. ഇയാള്‍ക്ക് മന്നാര്‍ഗുഡി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇതും പല സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. സ്വത്ത് മോഹമാണ് ജയയുടെ മരണത്തിന് കാരണമെന്ന വാദം തമിഴ്‌നാട്ടില്‍ ശക്തമാണ്. ഇതിനിടെയാണ് കോടനാട്ടെ എസ്റ്റേറ്റിലെ സംഭവങ്ങളുമെത്തിയത്. കനകരാജന്‍ കൊല്ലപ്പെട്ടത് കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കും. ഏറെ നാളായി കോയമ്പത്തൂരാണ് സയന്‍ താമിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയായ സയനെ ഉപയോഗിച്ച് കനകരാജ് കേരളത്തില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്തുകയായിരുന്നുവെന്നാണ് നിഗമനം. 2011ല്‍ ശശികലയുമായി ജയലളിത പിരിഞ്ഞിരുന്നു. ഇതോടെയാണ് കനകരാജും കോടനാട് എസ്റ്റേറ്റിലെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചത്.
ഈ മാസം 24നാണ് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ ബഹാദൂര്‍ കൊല്ലപ്പെട്ടത്. സ്യൂട്ട്‌കെയ്‌സുകള്‍ മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൊലപാതകം. സംഭവം നടന്ന അന്നു തന്നെ കനകരാജും സയനും അടക്കമുള്ളവരെ ഗൂഡല്ലൂര്‍ പൊലീസ് കസ്റ്റഡിലെടുത്തിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പൊലീസ് പ്രതികളെ വിട്ടയച്ചുവെങ്കിലും സംഭവത്തില്‍ ഏഴു മലയാളികളടക്കം 11 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എസ്പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെയാണ് കനകരാജനും സയനും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഇവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകക്കേസ് പ്രതികളിലേക്ക് എത്തിയത്. ഇവര്‍ മലപ്പുറം, തൃശ്ശൂര്‍, വയനാട് ജില്ലകളിലുള്ളവരാണെന്നാണ് സൂചന. പ്രതികളിലൊരാള്‍ കേരളത്തിലെ പോളിടെക്‌നിക് കോളജില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പഠനം അവസാനിപ്പിച്ചയാളാണ്. സംഭവമുണ്ടായ തിങ്കളാഴ്ച നൈറ്റ് പട്രോളിങ്ങിനിടെയാണ് ഗൂഡല്ലൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ സംഘത്തില്‍ ഒന്നും രണ്ടും പ്രതികളായ മുന്‍ ഡ്രൈവര്‍ കനകരാജും സയനും ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മനോജ് എന്നയാളുടെ കയ്യില്‍ പരിക്കു കണ്ടതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്.
കേസിലെ മറ്റ് പ്രതികളായ ദീപു, സന്തോഷ്, ജയേഷ്, ബിജിത്ത് ജോയി, ജംഷീര്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഗൂഡല്ലൂര്‍ പൊലീസിന് വീഴ്ച സംഭവിച്ച ഈ കേസില്‍ കേരളാ പൊലീസാണ് തുമ്പുണ്ടാക്കിയത്. മലപ്പുറത്ത് വാടകയ്‌ക്കെടുത്ത ഒരു വാഹനം വിട്ടുകിട്ടാത്തതിനെത്തുടര്‍ന്ന് വാഹനമുടമ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലേക്ക് നീണ്ടത്. മലപ്പുറം എസ്പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറത്തുണ്ടായിരുന്ന ബിജിത്ത് ജോയി എന്നയാളാണ് ഈ കാര്‍ വാടകയ്‌ക്കെടുത്തിരുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഈ കാറിലാണ് കൊലപാതകസംഘം സഞ്ചരിച്ചതെന്ന് വ്യക്തമായി. പിടികൂടിയവരില്‍ നിന്നു വിലകൂടിയ വാച്ചുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇത് കോടനാട് എസ്റ്റേറ്റില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് സൂചന.