കാബൂൾ :അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയപ്പോൾ സ്ത്രീകളും കുട്ടികളും നരക യാതന അനുഭവിക്കുകയാണ് .അവർ ഭീതിയിലാണ് എന്നാണു റിപ്പോർട്ടുകൾ. അഫ്ഗാൻ ദേശീയ വനിതാ ടീമിലെ മുൻ അംഗമായ ഖാലിത പോപ്പലും തൻ്റെ ആശങ്ക പങ്കുവച്ചു. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി ഒരുപാട് ശ്രമിച്ചു എന്നും ഇപ്പോൾ അവരോട് അപ്രത്യക്ഷരാവാൻ പറയേണ്ടിവരുന്നത് ഹൃദയം തകർക്കുകയാണെന്നും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
“അവരോട് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ചിത്രങ്ങളും നീക്കം ചെയ്യാനും രക്ഷപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാനും എനിക്ക് പറയേണ്ടിവരുന്നു. അതെൻ്റെ ഹൃദയം തകർക്കുകയാണ്. ഈ വർഷങ്ങളിലെല്ലാം പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ നിശബ്ദരായി അപ്രത്യക്ഷരാവാൻ ഞാൻ അവരോട് പറയുകയാണ്. അവരുടെ ജീവിതം അപകടത്തിലാണ്.”- 34കാരിയായ താരം ഡെന്മാർക്കിൽ നിന്ന് എപിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ എത്തി .1996ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം രാജ്യം വിട്ട താരമാണ് പോപ്പൽ. പാകിസ്താനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്ന താരം 20 വർഷങ്ങൾക്കു മുൻപ് അഫ്ഗാനിലേക്ക് തിരികെ എത്തിയതാണ്. “അടുത്ത തലമുറയിലെ സ്ത്രീപുരുഷന്മാർക്ക് വേണ്ടി ഈ രാജ്യത്തെ പോഷിപ്പിക്കാമെന്ന് ഞങ്ങളുടെ തലമുറ ആഗ്രഹിച്ചിരുന്നു. അതിനാൽ മറ്റ് യുവതികൾക്കൊപ്പം ചേർന്ന് ഫുട്ബോളിലൂടെ അവരെ പ്രചോദിപ്പിക്കാൻ ഞാൻ ആരംഭിച്ചു. 2007ൽ ഒരു ടീം ആരംഭിക്കാനുള്ള മുഴുവൻ താരങ്ങളെയും ഞങ്ങൾക്ക് ലഭിച്ചു. ഈ ജഴ്സി ധരിക്കുന്നത് ഞങ്ങൾക്ക് അഭിമാനമായിരുന്നു. താലിബാനെതിരെ ടെലിവിഷനിൽ സംസാരിച്ചതിന് എനിക്കെതിരെ നിരവധി വധഭീഷണികൾ ലഭിച്ചു. എൻ്റെ ജീവിതം അപകടത്തിലായിരുന്നു. ഒടുവിൽ, 2016ൽ എനിക്ക് അഫ്ഗാൻ വിട്ട് ഡെന്മാർക്കിലേക്ക് കുടിയേറേണ്ടിവന്നു.”- പോപ്പൽ പറഞ്ഞു.
“ടീം അംഗങ്ങൾ കരയുകയാണ്. അവർ സങ്കടത്തിലാണ്. അവർക്ക് ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവർ ഒളിച്ചിരിക്കുകയാണ്. അവരിൽ അധിക പേരും സ്വന്തം വീട് വിട്ട് ബന്ധുക്കളുടെ വീട്ടിലെത്തി ഒളിച്ചിരിക്കുകയാണ്. കാരണം അയൽവാസികൾക്ക് അവർ ഫുട്ബോൾ താരങ്ങളാണെന്ന് അറിയാം. താലിബാൻ എല്ലായിടത്തുമുണ്ട്. അവർ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. അവർ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. താലിബാൻ തീവ്രവാദികൾ വീടിനു പുറത്ത് നിൽക്കുകയാണ്.”- പോപ്പൽ പറയുന്നു.
താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മിലാണ് ചർച്ച നടത്തിയത്. പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അഫ്ഗാനിലെ നിലവിലെ സാഹചര്യം ചർച്ചയായെന്നും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പങ്കുവെച്ചതായും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്. ജയശങ്കർ പ്രതികരിച്ചു.
അതിനിടെ, അഫ്ഗാനിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി യോഗത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്താനിലെ ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണ്. അഫ്ഗാനെ വീണ്ടും ഭീകരരുടെ താവളമാക്കി മാറ്റരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തോട് വിട്ടുവീഴ്ച പാടില്ല. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ഭീഷണിക്കും ആക്രമണത്തിനും വേണ്ടി ഭീകരർ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്ന സാഹചര്യം സംജാതമാകരുതെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വ്യക്തമാക്കി.