കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം; ഷൂട്ടിങിനിടെ മുറിയില്‍വച്ചു പീഡിപ്പിച്ചെന്ന് നടി; സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സെക്‌സ് സീന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു

ലൊസാഞ്ചലസ്: പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗിക ആരോപണം. രണ്ടു നടിമാരാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചു. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ ആരോപണം ഉന്നയിച്ചത്. ഇതില്‍ ഒരാള്‍ പഴയകാല നടിയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഹോളിവുഡ് ലേഖകനെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു. കിം കി ഡുക് പലതവണ നടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും സിനിമാ ചിത്രീകരണത്തിനിടെ മുറിയില്‍വച്ചു പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. സംവിധായകനെ കൂടാതെ, നടനായ ചോ ജയ്ഹ്യൂന് എതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കിം കി ഡുക്കുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സിനിമയിലെ ശക്തമായ കഥാപാത്രത്തില്‍നിന്നു തഴയപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു നടിയുടെ ആരോപണം. 2013ല്‍ ‘മോബിയസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക് അവരെ തല്ലിയെന്നും സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്ന ഒരു ‘സെക്‌സ്’ സീനില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈ നടി കഴിഞ്ഞ വര്‍ഷം തന്നെ കിം കി ഡുകിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. മര്‍ദിച്ചെന്ന കുറ്റത്തിന് പ്രാദേശിക കോടതി കിം കി ഡുകിന് 5000 യുഎസ് ഡോളര്‍ പിഴ ചുമത്തി. എന്നാല്‍ ലൈംഗിക ചൂഷണ കുറ്റത്തിന് നടപടിയെടുക്കാതിരുന്നതിനാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് അവര്‍.

Top