യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം മറക്കുമെന്നും ഇരുവരും പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു സമാധാനകരാറില്‍ ഒപ്പിടുന്നതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച യാഥാര്‍ഥ്യമാക്കിയ ട്രംപിന് നന്ദി അറിയിക്കുന്നതായി കിമ്മും പറഞ്ഞു. കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പഴയകാല മുൻവിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.
അടച്ചിട്ട മുറിയിൽ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചർച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. ഫോണിൽ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇതുവരെ സംസാരിച്ചിട്ടില്ല. 1950–53 ലെ കൊറിയൻ യുദ്ധം മുതൽ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാരാണ് ഇന്നു മുഖാമുഖമെത്തുന്നത്.
ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചർച്ചയ്ക്കു മുൻപ് ഇതിനായി ഒന്നിച്ചുപ്രവർത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു. വൺ–ഓൺ–വൺ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച.